ടി20 ലോകകപ്പിനുള്ള യോഗ്യതക്കുള്ള ഏഷ്യൻ റീജിയൻ പോരാട്ടത്തിൽ നേപ്പാളിനെ അട്ടിമറിച്ച് സിംഗപ്പൂർ. ഇന്ന് നടന്ന മത്സരത്തിൽ 82 റൺസിന്റെ വലിയ വിജയം നേടിയ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഒക്ടോബറിൽ നടക്കുന്ന അവസാന യോഗ്യത പോരാട്ടത്തിന് സിംഗപ്പൂർ യോഗ്യത നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ സിംഗപ്പൂർ 14 ടീമുകൾ മാറ്റുരക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിന് യോഗ്യത നേടുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത സിംഗപ്പൂർ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എടുത്തിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത നേപ്പാൾ വെറും 109 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. സിംഗപ്പൂരിന് വേണ്ടി 43 പന്തിൽ 77 റൺസ് എടുത്ത ടിം ഡേവിഡും 27 പന്തിൽ 42 റൺസ് എടുത്ത മൻപ്രീത് സിങ്ങും 33 പന്തിൽ 49 റൺസ് എടുത്ത രോഹൻ രംഗരാജനുമാണ് മികച്ച ബാറ്റിംഗ് പുറത്തെടുത്തത്. നേപ്പാളിന് വേണ്ടി അഭിനാഷ് ബോഹാര നാല് വിക്കറ്റും കരൺ രണ്ട് വിക്കറ്റും വീഴ്ത്തി.
തുടർന്ന് ബാറ്റ് ചെയ്ത നേപ്പാൾ ഒന്ന് പൊരുതി നോക്കുകപോലും ചെയ്യാതെ 109 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 21 പന്തിൽ 39 റൺസ് എടുത്ത ഓപണർ ഗ്യാനേന്ദ്ര മല്ല മാത്രമാണ് കുറച്ചെങ്കിലും നേപ്പാൾ ബാറ്റിംഗ് നിരയിൽ പിടിച്ചു നിന്നത്. സിംഗപ്പൂരിന് വേണ്ടി സെല്ലഡോർ വിജയകുമാർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ വിനോത് ഭാസ്കരൻ 2 വിക്കറ്റ് വീഴ്ത്തി.