റിട്ടയര്‍മെന്റില്‍ നിന്നുള്ള തിരിച്ചുവരവിനായി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് ഒരുങ്ങുമ്പോള്‍ ഇനി വേണ്ടത് ബിസിസിഐ അനുമതി. താരം പഞ്ചാബ് ടീമിനൊപ്പം സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള ഒരുക്കുങ്ങള്‍ ആരംഭിച്ചുവെങ്കിലും ബിസിസിഐയുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
2019ല്‍ ഐപിഎല്‍ ഉള്‍പ്പെടെയുള്ള ടൂര്‍ണ്ണമെന്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച താരത്തിന് വിദേശ ലീഗുകളില്‍ കളിക്കുവാന്‍ അനുമതി ലഭിച്ചിരുന്നു. തുടര്‍ന്ന് ഗ്ലോബല്‍ ടി20 കാനഡയിലും അബു ദാബി ടി10 ടൂര്‍ണ്ണമെന്റിലും താരം കളിച്ചു.
ബിസിസിഐയുടെ നിയമപ്രകാരം സജീവമായി പ്രാദേശിക ക്രിക്കറ്റില്‍ കളിക്കുന്ന താരങ്ങള്‍ക്ക് വിദേശ ലീഗില്‍ കളിക്കുവാന്‍ അവസരം നല്‍കില്ല എന്നതാണ്. അതിനാല്‍ തന്നെ ബിസിസിഐ താരത്തിന്റെ തിരിച്ചുവരവിന് അനുമതി നല്‍കിയാലും വിദേശ ലീഗുകളില്‍ കളിക്കുവാനുള്ള അവസരം നിഷേധിക്കപ്പെടുമെന്നാണ് അറിയുന്നത്.