സയ്യദ് മുഷ്താഖ് അലി ട്രോഫി സൗത്ത് സോണ്‍ മത്സരങ്ങളില്‍ കേരളത്തിനു നാളെ ആദ്യ മത്സരത്തില്‍ എതിരാളികള്‍ ഹൈദ്രാബാദ്. ജനുവരി 9നു തമിഴ്നാടുമായാണ് കേരളത്തിന്റെ രണ്ടാം മത്സരം. പിന്നീട് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി 11നു ആന്ധ്രയെയും ജനുവരി 12നു ഗോവയെയും കേരളം നേരിടും. ജനുവരി 14നു ക്രണ്ണാടകയുമായാണ് കേരളത്തിന്റെ അവസാന മത്സരം.
സച്ചിന്‍ ബേബി നയിക്കുന്ന ടീമില്‍ മുന്‍ നിര താരങ്ങളായ സഞ്ജു സാംസണ്‍, ബേസില്‍ തമ്പി എന്നിവരുടെ സാന്നിധ്യം ടീമിനെ ശക്തനാക്കുന്നു. ഡേവ് വാട്മോറിന്റെ കീഴില്‍ മികച്ച പ്രകടനമാണ് കേരളം രഞ്ജി ട്രോഫിയില്‍ കാഴ്ചവെച്ചത്. ക്വാര്‍ട്ടറില്‍ വിദര്‍ഭയോട് തോറ്റുവെങ്കിലും മികച്ച ഫോമില്‍ കളിച്ച ഒരു പിടി താരങ്ങള്‍ സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണ്ണമെന്റിലും കേരളത്തിനു തുണയാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ തവണ ഐപിഎല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ടീമില്‍ ഇടം പിടിച്ച വിഷ്ണു വിനോദിനു അതിനു സാധിച്ചതും സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം കാരണമാണ്.
ജനുവരി 27, 28 തീയ്യതികളില്‍ നടക്കുന്ന ഐപിഎല്‍ താരലേലം നടക്കുന്നതിനാല്‍ ടൂര്‍ണ്ണമെന്റ് ഇന്ത്യന്‍ പ്രാദേശിക താരങ്ങള്‍ക്ക് ഏറെ നിര്‍ണ്ണായകമായ ഒന്നാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial