വെടിക്കെട്ട് ബാറ്റിംഗിന് ശേഷം റിട്ടേര്‍ഡ് ഹര്‍ട്ടായി റോബിന്‍ ഉത്തപ്പ, സഞ്ജുവും കസറി, കേരളത്തിന് ജയം

Sports Correspondent

ബിഹാറിനെതിരെ 7 വിക്കറ്റ് വിജയം നേടി കേരളം. ബിഹാറിന്റെ സ്കോറായ 131 റൺസ് 14.1 ഓവറിലാണ് കേരളം മറികടന്നത്. ഇന്ന് മുഹമ്മദ് അസ്ഹറുദ്ദീനെ(8) തുടക്കത്തിൽ നഷ്ടമാകുമ്പോളേക്കും റോബിന്‍ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിൽ കേരളം 64 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്.

34 പന്തിൽ 57 റൺസ് നേടിയ റോബിന്‍ 5 ഫോറും 4 സിക്സും അടങ്ങിയ ഇന്നിംഗ്സിന് ശേഷം റിട്ടേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങുകയായിരുന്നു. ബിഹാര്‍ നല്‍കിയ 132 റൺസ് ലക്ഷ്യം കേരളം 14.1 ഓവറിൽ മറികടക്കുമ്പോള്‍ സഞ്ജു സാംസണുമാണ് ടീമിനെ മുന്നോട്ട് നയിച്ചത്. സഞ്ജു 20 പന്തിൽ 45 റൺസ് നേടി പുറത്താകാതെ നിന്നു. 4 സിക്സും മൂന്ന് ഫോറുമാണ് താരം നേടിയത്. ബിഹാര്‍ നായകന്‍ അഷുതോഷ് അമന്‍ രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബിഹാര്‍ 5 വിക്കറ്റ് നഷ്ടത്തിൽ 131 റൺസാണ് നേടിയത്. എസ് ഗനി പുറത്താകാതെ 53 റൺസ് നേടിയപ്പോള്‍ മഹ്റൗര്‍ 30 റൺസും ബിപിന്‍ സൗരഭ് 19 റൺസും നേടി.

കേരളത്തിനായി ബേസിൽ തമ്പി മൂന്ന് വിക്കറ്റ് നേടി.