ഓവൽ ടെസ്റ്റിന്റെ അഞ്ചാം ദിനം ഇംഗ്ലണ്ട് സീനിയർ പേസർ ക്രിസ് വോക്‌സിന് ഫീൽഡിംഗിനിടെ പരിക്കേറ്റു. ഇതോടെ, ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി. ബൗണ്ടറി ലൈനിലേക്ക് പാഞ്ഞ പന്ത് പിന്തുടരുന്നതിനിടെ ഇടതുകാൽ തെന്നി വീണാണ് വോക്സിന് പരിക്കേറ്റത്.

വീഴ്ചയിൽ തോളെല്ലിന് സ്ഥാനഭ്രംശം സംഭവിച്ചതായാണ് സൂചന. വേദനകൊണ്ട് പുളഞ്ഞ വോക്സ് ഉടൻ തന്നെ ചികിത്സ തേടി മൈതാനം വിട്ടു. ടീം ഫിസിയോ ബെൻ ഡേവിസിന്റെ സഹായത്തോടെയാണ് താരം മൈതാനം വിട്ടത്.
രാത്രിയിൽ സ്കാനിംഗിന് വിധേയനാകുമെങ്കിലും വോക്‌സിന് ഈ മത്സരത്തിൽ ഇനി പന്തെറിയാൻ കഴിയില്ലെന്നാണ് സൂചന. ഇത് ഇംഗ്ലണ്ടിന്റെ പേസ് ആക്രമണത്തിന് വലിയ ക്ഷീണമായി. “ഇതൊരു വലിയ തിരിച്ചടിയാണ്. പരമ്പരയിലെ അവസാന മത്സരം കൂടിയാണിത്. ഏതൊരാൾക്കും പരിക്കേറ്റാൽ അത് കഠിനമാണ്. ഞങ്ങൾ എല്ലാവരും വോക്സിന് പൂർണ്ണ പിന്തുണ നൽകും,” സഹതാരം ഗസ് അറ്റ്കിൻസൺ പറഞ്ഞു.
കഴിഞ്ഞ മത്സരങ്ങളിൽ ഇംഗ്ലണ്ടിന്റെ പേസ് ആക്രമണത്തിന് നേതൃത്വം നൽകിയത് വോക്സാണ്. പരമ്പരയിൽ 11 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ആദ്യ ദിനം 14 ഓവറിൽ 46 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തിരുന്നു. മുഹമ്മദ് സിറാജ് മാത്രമാണ് അഞ്ച് ടെസ്റ്റുകളിലും കളിച്ച മറ്റൊരു പേസർ. വോക്സിന്റെ അഭാവം അറ്റ്കിൻസൺ, ജാമി ഓവർട്ടൺ, ജോഷ് ടോങ് എന്നിവരടങ്ങിയ യുവ പേസ് നിരയ്ക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തും.