കഴിഞ്ഞ മാസം ജർമ്മനിയിൽ വെച്ച് സ്‌പോർട്‌സ് ഹെർണിയ ശസ്ത്രക്രിയക്ക് വിധേയനായതിന് ശേഷം ആദ്യമായി ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ച് ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. 34-കാരനായ താരം കഴിഞ്ഞ ആഴ്ച ബംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ ബിസിസിഐയുടെ മെഡിക്കൽ സ്റ്റാഫിന്റെ മേൽനോട്ടത്തിൽ പരിശീലനം നടത്തി.

ശസ്ത്രക്രിയക്ക് വിധേയനായ സൂര്യകുമാർ യാദവ് വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ട്. സെപ്റ്റംബർ 9-ന് യുഎഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിന് മുൻപ് താരം ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂണിൽ മുംബൈ ടി20 ലീഗിലാണ് മുംബൈ താരം അവസാനമായി കളിച്ചത്. ദുലീപ് ട്രോഫിക്കുള്ള വെസ്റ്റ് സോൺ ടീമിൽ താരം ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന് വേണ്ടി താരം മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാൻ സാധ്യതയുണ്ട്.