ഈ മാസം അവസാനം ബംഗ്ലാദേശ് നെതർലാൻഡ്‌സുമായി മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര കളിക്കും. ബംഗ്ലാദേശിൽ നെതർലാൻഡ്‌സിന്റെ ആദ്യത്തെ പരമ്പരയാണിത്.
ഓഗസ്റ്റ് 26-ന് ധാക്കയിലെത്തുന്ന നെതർലാൻഡ്‌സ് ടീം, മൂന്ന് ദിവസത്തെ പരിശീലനത്തിനായി സിൽഹെറ്റിലേക്ക് പോകും. ഓഗസ്റ്റ് 30, സെപ്റ്റംബർ 1, സെപ്റ്റംബർ 3 തീയതികളിലാണ് മത്സരങ്ങൾ. എല്ലാ മത്സരങ്ങളും പ്രാദേശിക സമയം വൈകുന്നേരം 6:00-ന് ആരംഭിക്കും.
നേരത്തെ ബംഗ്ലാദേശിൽ നടത്താനിരുന്ന ഇന്ത്യയുടെ പര്യടനം മാറ്റിവെച്ചതിനാലാണ് ഈ പരമ്പരക്ക് കളമൊരുങ്ങിയത്. സെപ്റ്റംബർ 9-ന് ഏഷ്യാ കപ്പ് ആരംഭിക്കുന്നതിന് മുൻപ് ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇല്ലാതിരുന്നത് കൊണ്ടാണ് ഇന്ത്യക്ക് പകരമായി നെതർലാൻഡ്‌സുമായി കളിക്കാൻ ബംഗ്ലാദേശ് തീരുമാനിച്ചത്.
ഇതുവരെ അഞ്ച് ടി20 മത്സരങ്ങളിൽ മാത്രമാണ് ബംഗ്ലാദേശും നെതർലാൻഡ്‌സും തമ്മിൽ ഏറ്റുമുട്ടിയത്. അതിൽ നാല് മത്സരങ്ങളും വിജയിച്ചത് ബംഗ്ലാദേശാണ്.