മിസ്റ്റർ ഐ പി എൽ ഇനി കളത്തിൽ ഇല്ല, സുരേഷ് റെയ്ന ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ന് ട്വിറ്ററിലൂടെ ആണ് റെയ്ന താൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് അറിയിച്ചത്. ബി സി സി ഐ, തന്റെ മുൻ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ്, ഉത്തർ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ എന്നിവർക്ക് സുരേഷ് റെയ്ന നന്ദി പറഞ്ഞു.

സുരേഷ് റെയ്ന

തന്നെ വിശ്വസിച്ചതും സ്നേഹിച്ചതുമായ ആരാധകരോടും റെയ്ന നന്ദി പറഞ്ഞു. അവസാന ഐ പി എല്ലിൽ റെയ്നയെ ആരും വാങ്ങാത്ത അവസ്ഥ വന്ന സമയത്ത് തന്നെ താരം വിരമിക്കും എന്ന് വാർത്തകൾ വന്നിരുന്നു. 35കാരനായ താരം 10 സീസണുകളോളം ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം ഐ പി എല്ലിലും ഉണ്ടായിരുന്നു. ഗുജറാത്ത് ലയൺസിനായും താരം ഐ പി എൽ കളിച്ചിട്ടുണ്ട്.

ഇന്ത്യക്ക് ആയി 226 ഏകദിന മത്സരങ്ങളും 18 ടെസ്റ്റും 78 ടി20യും റെയ്ന കളിച്ചിട്ടുണ്ട്. ഐ പി എല്ലിൽ 205 മത്സരങ്ങളിൽ നിന്ന് 5528 റൺസും താരം നേടിയിട്ടുണ്ട്.