സൂപ്പര്‍ ഓവര്‍ നിലനിര്‍ത്തും, എന്നാല്‍ ബൗണ്ടറിയുടെ എണ്ണം നോക്കുന്നത് ഒഴിവാക്കും

Sports Correspondent

ഐസിസി മത്സരയിനങ്ങളില്‍ മത്സരങ്ങളുടെ ഫലം നിശ്ചയിക്കുവാനായി സൂപ്പര്‍ ഓവറുകളെ ആശ്രയിക്കുന്നത് തുടരുമെന്ന് അറിയിച്ച് ഐസിസി. എന്നാല്‍ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളില്‍ സൂപ്പര്‍ ഓവറുകളില്‍ വീണ്ടും ടീമുകള്‍ ഒപ്പം നിന്നാല്‍ ബൗണ്ടറികള്‍ എണ്ണുന്നതിന് പകരം വീണ്ടും സൂപ്പര്‍ ഓവര്‍ തന്നെ നടത്തുമെന്ന് ഐസിസി അറിയിച്ചു. ഒരു ടീം മറ്റൊരു ടീമിനെക്കാള്‍ കൂടുതല്‍ റണ്‍സ് നേടുന്നത് വരെ ഇത് തുടരുമെന്നും ഐസിസി അറിയിച്ചു.

ഗ്രൂപ്പ് ഘട്ടത്തില്‍ സൂപ്പര്‍ ഓവര്‍ ടൈ ആവുകയാണെങ്കില്‍ മത്സരം ടൈ ആയതായി പ്രഖ്യാപിക്കുമ്പോള്‍ തന്നെ നോക്ക്ഔട്ട് ഘട്ടത്തില്‍ വിജയി വരുന്നത് വരെ സൂപ്പര്‍ ഓവര്‍ തുടരും.