ഇന്ത്യയിൽ ലോകകപ്പ് നടത്തുന്നത് സുരക്ഷിതമല്ലെന്ന മൈക്കൽ ഹസ്സിയുടെ അഭിപ്രായം തെറ്റാണെന്ന് പറഞ്ഞ് സുനിൽ ഗവാസ്കർ. ഇന്ത്യ ഇപ്പോൾ വിഷമസ്ഥിതിയിലൂടെയാണ് കടന്ന് പോകുന്നതെന്നത് സത്യമാണെങ്കിലും നാല് മാസത്തിൽ സ്ഥിതിഗതികൾ മാറില്ലെന്നത് ആർക്കും പറയാനാകുന്ന ഒന്നല്ലെന്ന് സുനിൽ ഗവാസ്കർ പറഞ്ഞു. ഐപിഎലിനിടെ കോവിഡ് ബാധിതനായ ഹസ്സി ഇന്ത്യയിൽ ടി20 ലോകകപ്പ് നടത്തരുതെന്നും മത്സരം യുഎഇയിലേക്ക് മാറ്റണമെന്നുമാണ് ആവശ്യപ്പെട്ടത്.
ഐപിഎലിൽ എട്ട് ടീമാണെങ്കിൽ ലോകകപ്പിൽ കൂടുതൽ ടീമുകൾ വരുമെന്നും അത് അപകട സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മൈക്കൽ ഹസ്സി വ്യക്തമാക്കി. ഓഗസ്റ്റായിട്ടും ഇന്ത്യയിലെ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ ഇന്ത്യയിൽ നിന്ന് ലോകകപ്പ് തട്ടിക്കൊണ്ടു പോകുവാൻ താല്പര്യപ്പെടുന്നവർക്ക് അത് ചെയ്യാമെന്നും എന്നാൽ അത് വരെ ഇന്ത്യയ്ക്ക് തന്നെ അവസരം നൽകണമെന്നും ധൃതി പിടിച്ചൊരു തീരുമാനത്തിലേക്ക് ആരും പോകരുതെന്നും സുനിൽ ഗവാസ്കർ അപേക്ഷിച്ചു.
കോവിഡ് മൂർദ്ധന്യാവസ്ഥയിലുള്ളപ്പോൾ ഇന്ത്യയുടെ ഓസ്ട്രേലിയൻ ടൂറുമായി മുന്നോട്ട് പോകുവാൻ ഓസ്ട്രേലിയയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ലായിരുന്നുവെന്നും എന്നിട്ടാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾ ഇവർ ഉന്നയിക്കുന്നതെന്നും ഗവാസ്കർ വ്യക്തമാക്കി.