മുൻ മുംബൈ വിക്കറ്റ് കീപ്പർ സുലക്ഷൺ കുൽക്കർണിയെ ഒമാൻ ക്രിക്കറ്റ് ടീമിൻ്റെ ഡെപ്യൂട്ടി ഹെഡ് കോച്ചായി നിയമിച്ചു. ഒക്ടോബറിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഒമാൻ ടീമിന്റെ പരിശീലക സംഘത്തിൽ ദിലീപ് മെൻഡിസിനൊപ്പമാണ് കുൽക്കർണി പ്രവർത്തിക്കുക.
2026-ൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിൽ യോഗ്യത നേടുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല.
സുലക്ഷൺ കുൽക്കർണിയുടെ നിയമനം ഒമാൻ ക്രിക്കറ്റ് സോഷ്യൽ മീഡിയയിലൂടെയാണ് ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പരിശീലകനായ അദ്ദേഹം ടീമിന് കൂടുതൽ ആഴവും മികച്ച നേതൃത്വവും നൽകുമെന്ന് ഒമാൻ ക്രിക്കറ്റ് വ്യക്തമാക്കി. 58-കാരനായ കുൽക്കർണിക്ക് മുംബൈ, മഹാരാഷ്ട്ര, തമിഴ്നാട്, വിദർഭ, ഛത്തീസ്ഗഡ് തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചുള്ള വലിയ അനുഭവസമ്പത്തുണ്ട്.
2012-13 സീസണിൽ മുംബൈയെ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചത് അദ്ദേഹമായിരുന്നു. കഴിഞ്ഞ സീസണിൽ മഹാരാഷ്ട്രയുടെ ഹെഡ് കോച്ചായി പ്രവർത്തിക്കുകയായിരുന്നു കുൽക്കർണി.