ലീഡ് 9 റണ്‍സ് അകലെ, കുശല്‍ മെന്‍ഡിസിനും ധനന്‍ജയ ഡിസില്‍വയ്ക്കും ഇരട്ട ശതകം നഷ്ടം

Sports Correspondent

ചിറ്റഗോംഗ് ടെസ്റ്റില്‍ മികച്ച മറുപടിയുമായി ശ്രീലങ്ക. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് സ്കോറായ 513 റണ്‍സിനു 9 റണ്‍സ് പിന്നിലായി 504/3 എന്ന നിലയിലാണ് ശ്രീലങ്ക നില്‍ക്കുന്നത്. 87 റണ്‍സുമായി രോഷെന്‍ സില്‍വയും 37 റണ്‍സ് നേടി ദിനേഷ് ചന്ദിമലുമാണ് ക്രീസില്‍ നില്‍ക്കുന്നത്. മുസ്തഫിസുര്‍ റഹ്മാനും തൈജുല്‍ ഇസ്ലാമും ബംഗ്ലാദേശിനായി ഓരോ വിക്കറ്റ് നേടി.

കുശല്‍ മെന്‍ഡിസിനും ധനന്‍ജയ ഡിസില്‍വയ്ക്കും ഇരട്ട ശതകങ്ങള്‍ നഷ്ടമായതാണ് മൂന്നാം ദിവസത്തെ പ്രത്യേകത. 187/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാവുമ്പോള്‍ ടീം രണ്ടാം വിക്കറ്റില്‍ 308 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 173 റണ്‍സ് നേടിയ ധനന്‍ജയ ഡി സില്‍വയെയാണ് ടീമിനു മൂന്നാം ദിവസം നഷ്ടമായത്. മൂന്നാം വിക്കറ്റില്‍ 107 റണ്‍സ് മെന്‍ഡിസ്-രോഷെന്‍ സില്‍വ സഖ്യം നേടിയ ശേഷമാണ് ഇരട്ട ശതകത്തിനു 4 റണ്‍സ് അകലെ വെച്ച് കുശല്‍ മെന്‍ഡിസ് പുറത്തായത്.

പിന്നീട് രോഷെന്‍-ചന്ദിമല്‍ കൂട്ടുകെട്ട് കൂടുതല്‍ നഷ്ടമില്ലാതെ 89 റണ്‍സ് കൂട്ടിചേര്‍ത്ത് ശ്രീലങ്കയെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 504/3 എന്ന നിലയില്‍ എത്തിച്ചു. അത്ഭുതങ്ങളൊന്നും സംഭവിക്കുന്നില്ലെങ്കില്‍ മത്സരം സമനിലയിലാവും അവസാനിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial