ഇന്ത്യയ്ക്കെതിരെ ലങ്കന്‍ നായകന്‍ കളിക്കില്ലെന്ന് സൂചന

ഇന്ത്യയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയിൽ ശ്രീലങ്കന്‍ നായകന്‍ കുശല്‍ പെരേര കളിക്കില്ലെന്ന് സൂചന. താരം ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയ്ക്കിടെ പരിക്കിന്റെ പിടിയിലായി എന്നാണ് ലഭിയ്ക്കുന്ന വിവരം. ഇന്ത്യന്‍ പരമ്പരയ്ക്ക് മുമ്പുള്ള പരിശീലനത്തിലൊന്നും താരം പങ്കെടുത്തിട്ടില്ലെന്നാണ് അറിയുന്നത്.

ശ്രീലങ്കന്‍ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലുള്ള താരത്തിന്റെ പിന്മാറ്റം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം. ഇംഗ്ലണ്ടിൽ ആറ് മത്സരങ്ങളിലും താരം പങ്കെടുത്തിരുന്നു. പരിമിത ഓവര്‍ ക്രിക്കറ്റിലെ ശ്രീലങ്കയുടെ ഏറ്റവു പ്രധാനമായ താരം ആണ് കുശല്‍ പെരേര.

ഇംഗ്ലണ്ടിൽ ബയോ ബബിള്‍ ലംഘനത്തെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്ത മൂന്ന് പ്രധാന താരങ്ങളെ നഷ്ടമായ ലങ്കയ്ക്ക് ഇത് വലിയ തിരിച്ചടിയായി മാറും. നിരോഷന്‍ ഡിക്ക്വെല്ല, ധനുഷ്ക ഗുണതിലക, കുശൽ മെന്‍ഡിസ് എന്നിവരെയാണ് ലങ്കന്‍ ബോര്‍ഡ് നാട്ടിലേക്ക് മടക്കിയയച്ചതും പിന്നീട് സസ്പെന്‍ഡ് ചെയ്തതും.

ജൂലൈ 18ന് ആണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പരമ്പര ആരംഭിക്കുക.

Previous articleസ്റ്റാര്‍ക്ക് എന്ത് കൊണ്ടു ലോകത്തിലെ മികച്ച ബൗളറെന്ന് തെളിയിച്ചു – മിച്ചൽ മാര്‍ഷ്
Next articleബാഴ്സലോണയ്ക്ക് തകർപ്പൻ എവേ കിറ്റ്