ഇന്ത്യയുടെ ലങ്കന്‍ ടൂര്‍ പൂര്‍ത്തിയാക്കുവാന്‍ സഹായിച്ച ദ്രാവിഡിന് നന്ദി അറിയിച്ച് ശ്രീലങ്കന്‍ ബോര്‍ഡ്

Draviddhawan

ഇന്ത്യന്‍ ടീമിൽ കോവിഡ് ബാധിച്ചിട്ടും പരമ്പര പൂര്‍ത്തീകരിക്കുവാന്‍ മുന്നോട്ട് വന്ന കോച്ച് രാഹുല്‍ ദ്രാവിഡിന്റെ നടപടിയ്ക്ക് നന്ദി അറിയിച്ച് ശ്രീലങ്കന്‍ ബോര്‍ഡ്. ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ച ശേഷം ക്രുണാൽ പാണ്ഡ്യ കോവിഡ് ബാധിതനായതോടെയാണ് ഇന്ത്യയുടെ ടീമിലെ മറ്റ് ഒമ്പത് പ്രധാന താരങ്ങള്‍ കൂടി ഐസൊലേഷനിലേക്ക് മാറേണ്ട സാഹചര്യം വന്നത്.

നെറ്റ് ബൗളര്‍മാരെയും ടീമിലുള്‍പ്പെടുത്തി ഇന്ത്യ പരമ്പരയിലെ ബാക്കി മത്സരങ്ങള്‍ പരാജയപ്പെടുകയായിരുന്നു. എന്നാൽ ദ്രാവിഡ് ആണ് പരമ്പരയുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചതെന്നും അദ്ദേഹത്തിന് വേണമെങ്കിൽ പരമ്പര മതിയാക്കി ഇന്ത്യയിലേക്ക് മടങ്ങാമായിരുന്നുവെന്നും ശ്രീലങ്കന്‍ ബോര്‍ഡ് സെക്രട്ടറി മോഹന്‍ ഡി സില്‍വ പറഞ്ഞു.

സാഹചര്യം മനസ്സിലാക്കി പരമ്പരയുമായി മുന്നോട്ട് പോകുവാന്‍ സന്നദ്ധത കാണിച്ച രാഹുല്‍ ദ്രാവിഡ് ശ്രീലങ്കന്‍ ബോര്‍ഡ് ഒരുക്കിയ ബയോ സുരക്ഷിതമായ മാനദണ്ഡങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന നടപടി കൂടിയാണ് കൈക്കൊണ്ടതെന്നും ലങ്കന്‍ ബോര്‍ഡ് അറിയിച്ചു.

Previous articleസന്ദേശ് ജിങ്കൻ ക്രൊയേഷ്യയിൽ എത്തി
Next article“ചെൽസി പ്രീമിയർ ലീഗ് നേടാൻ ഫേവറിറ്റ്സ് അല്ല”