ശ്രീലങ്ക പ്രതിരോധത്തില്‍, നാല് വിക്കറ്റ് നഷ്ടം, ബെന്‍ ഫോക്സിനു അരങ്ങേറ്റ ശതകം

ഇംഗ്ലണ്ടിനെ 342 റണ്‍സിനു എറിഞ്ഞിട്ട് ശേഷം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ പ്രതിരോധത്തില്‍. 321/8 എ്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനു 9 റണ്‍സ് കൂടി നേടുന്നതിനിടെ ജാക്ക് ലീഷിനെ(15) നഷ്ടമായി. തന്റെ അരങ്ങേറ്റ ടെസ്റ്റ് ശതകം തികച്ച് ഏറെ വൈകാതെ ബെന്‍ ഫോക്സും(107) പുറത്തായപ്പോള്‍ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 342 റണ്‍സില്‍ അവസാനിച്ചു. ലീഷിനെ പുറത്താക്കി ദില്‍രുവന്‍ പെരേര ഇന്നിംഗ്സിലെ വിക്കറ്റ് നേട്ടം അഞ്ചാക്കിയപ്പോള്‍ ഫോക്സിന്റെ വിക്കറ്റ് നേടിയത് സുരംഗ ലക്മല്‍ ആയിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ലക്മല്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്കും മികച്ച പ്രകടനം പുറത്തെടുക്കുവാനായിരുന്നില്ല. ദിമുത് കരുണാരത്നേ(4), കൗശല്‍ സില്‍വ(1), കുശല്‍ മെന്‍ഡിസ്(19), ധനന്‍ജയ ഡി സില്‍വ(14) എന്നിവരുടെ വിക്കറ്റുകള്‍ ശ്രീലങ്കയ്ക്ക് നഷ്ടമായി. 42 റണ്‍സാണ് ശ്രീലങ്ക ആദ്യ സെഷനില്‍ നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണ്‍, സാം കറന്‍, ജാക്ക് ലീഷ്, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് നേടി.