2011ലെ ലോകകപ്പിൽ ഇന്ത്യയോട് ഫൈനലിൽ ശ്രീലങ്ക മനഃപൂർവം തോറ്റുകൊടുക്കുകായായിരുന്നെന്ന ആരോപണത്തിന് പിന്നാലെ ആരംഭിച്ച അന്വേഷണം നിർത്തിവെച്ചു. ശ്രീലങ്കൻ സർക്കാർ നിയമിച്ച പ്രത്യേക അന്വേഷണം കമ്മീഷൻ ആണ് 2011 ലോകകപ്പ് ഫൈനലിലെ തോൽവി അന്വേഷിച്ചിരുന്നത്.
എന്നാൽ മതിയായ തെളിവുകൾ ലഭിക്കാത്തതിന്റെ പേരിൽ അന്വേഷണം നിർത്തിവെക്കാൻ ശ്രീലങ്കൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. വാതുവെപ്പ് അന്വേഷണത്തിന്റെ ഭാഗമായി മുൻ ശ്രീലങ്കൻ ക്യാപ്റ്റന്മാരായ കുമാര സംഗക്കാര, അരവിന്ദ ഡി സിൽവ, മഹേള ജയവർദ്ധന എന്നിവരെ അന്വേഷണം കമ്മീഷൻ ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെ ആരാധകർ പ്രതിഷേധവുമായി രംഗത്തുവരുകയും ചെയ്തിരുന്നു.
2011ൽ ശ്രീലങ്കൻ കായിക മന്ത്രിയായിരുന്ന മാഹിൻഡാനന്ദ അല്തഗമാഗേയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരം ശ്രീലങ്ക മനഃപൂർവം തോറ്റുകൊടുത്തതാണെന്ന ആരോപണവുമായി രംഗത്ത് വന്നത്. തുടർന്നാണ് ഇതിനെ പറ്റി അന്വേഷിക്കാൻ ശ്രീലങ്കൻ സർക്കാർ അന്വേഷണ കമ്മീഷനെ നിയമിച്ചത്.