ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന വനിതാ ഏകദിന ത്രിരാഷ്ട്ര പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയെ മൂന്ന് വിക്കറ്റിന് അട്ടിമറിച്ച് ശ്രീലങ്ക. ഇന്ത്യ ഉയർത്തിയ 276 റൺസ് വിജയലക്ഷ്യം, ഹർഷിത സമരവിക്രമയുടെ (53) അർധസെഞ്ചുറിയുടെയും, നിലാക്ഷി ഡി സിൽവയുടെ (33 പന്തിൽ 56) വെടിക്കെട്ട് ബാറ്റിംഗിൻ്റെയും കരുത്തിൽ അഞ്ച് പന്തുകൾ ബാക്കിനിൽക്കെ ശ്രീലങ്ക മറികടന്നു. നിലാക്ഷിയുടെ തകർപ്പൻ പ്രകടനവും കവിഷ ദിൽഹാരിയുമായുള്ള (35) 57 റൺസ് കൂട്ടുകെട്ടും മത്സരത്തിൻ്റെ ഗതി മാറ്റി.

പിന്നീട് അനുഷ്ക (പുറത്താകാതെ 23), സുഗന്ധിക കുമാരി (പുറത്താകാതെ 19) എന്നിവർ ചേർന്ന് 40 റൺസിൻ്റെ കൂട്ടുകെട്ടുമായി വിജയം ഉറപ്പാക്കി. 2018 ന് ശേഷം ഇതാദ്യമായാണ് ഏകദിനത്തിൽ ശ്രീലങ്ക ഇന്ത്യയെ തോൽപ്പിക്കുന്നത്. ഇരു ടീമുകളും തമ്മിലുള്ള 34 മത്സരങ്ങളിൽ ശ്രീലങ്കയുടെ മൂന്നാം വിജയം കൂടിയാണിത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 275/9 എന്ന സ്കോർ നേടി. റിച്ച ഘോഷ് (58) ആണ് ടോപ് സ്കോറർ. ജെമീമ റോഡ്രിഗസ് (37), ഹർലീൻ ഡിയോൾ (29), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മികച്ച തുടക്കം ലഭിച്ചെങ്കിലും അവസാന അഞ്ച് ഓവറിൽ 29 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. ശ്രീലങ്കയ്ക്ക് വേണ്ടി സുഗന്ധിക കുമാരിയും ചാമരി അത്തപ്പത്തവും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ഈ വിജയത്തോടെ ഇന്ത്യയും ശ്രീലങ്കയും നാല് പോയിന്റ് വീതം നേടി പരമ്പര കൂടുതൽ ആവേശകരമായിരിക്കുകയാണ്. ഇനി ലീഗ് ഘട്ടത്തിലെ അവസാന മത്സരങ്ങളാണ് ബാക്കിയുള്ളത്.