ബാസ്കറ്റ്ബാൾ ഇതിഹാസം മൈക്കിൾ ജോർദാന്റെ പരിശീലകൻ ശ്രീശാന്തിനെ പരിശീലിപ്പിക്കും

- Advertisement -

ബാസ്കറ്റ്ബാൾ ഇതിഹാസങ്ങളായ മൈക്കിൾ ജോർദാനെയും കോബി ബ്രയന്റിനെയും പരിശീലിപ്പിച്ച ടിം ഗ്രോവർ മലയാളി താരം ശ്രീശാന്തിന്റെ പരിശീലകനാകും. ഏഴ് വർഷത്തെ ബി.സി.സി.ഐ വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്ന ശ്രീശാന്തിനെ സഹായിക്കാനാണ് ടിം ഗ്രോവർ എത്തുന്നത്. നിലവിൽ ആഴ്ചയിൽ രാവിലെ 5.30 മുതൽ 8.30 വരെ താൻ ടിം ഗ്രോവറിന്റെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നുണ്ടെന്നും തുടർന്ന് ഉച്ചക്ക് 1.30 മുതൽ 6 വരെ എറണാകുളത്തെ ഇൻഡോർ നെറ്റ്സിൽ കേരള ടീമിന്റെ അണ്ടർ 23 താരങ്ങൾക്കൊപ്പം പരിശീലനം നടത്തുന്നുണ്ടെന്നും ശ്രീശാന്ത് അറിയിച്ചു. പരിശീലനത്തിന് മുൻ കേരള രഞ്ജി ടീം ക്യാപ്റ്റൻ സച്ചിൻ ബേബിയും പങ്കെടുക്കാറുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

താൻ മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കിൽ 2021ലെ ഐ.പി.എൽ ലേലത്തിൽ പങ്കെടുക്കാൻ ശ്രമിക്കുമെന്നും 37കാരനായ ശ്രീശാന്ത് പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചില ടീമുകൾക്ക് തന്നെ സ്വന്തമാക്കാൻ ആഗ്രഹം ഉണ്ടാവുമെന്നും തന്നെ പുറത്താക്കിയ ഐ.പി.എല്ലിൽ തിരിച്ചെത്തുകയാണ് തന്റെ ലക്ഷ്യമെന്നും ശ്രീശാന്ത് പറഞ്ഞു. ആഴ്ചയിലെ ആറ് ദിവസവും താൻ മൂന്ന് മണിക്കൂർ വീതം ബൗളിംഗ് പരിശീലനം നടത്തുന്നുണ്ടെന്നും 2 മണിക്കൂർ ചുവന്ന പന്തുകൊണ്ടും ഒരു മണിക്കൂർ വെള്ള പന്തുകൊണ്ടുമാണ് താൻ പരിശീലനം നടത്തുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.

Advertisement