ഏഴ് വര്‍ഷത്തെ ശ്രീശാന്തിന്റെ കാത്തിരിപ്പിന് അവസാനം. ഐപിഎല്‍ കോഴ വിവാദത്തിന്റെ പേരില്‍ താരത്തെ ബിസിസിഐ വിലക്കിയിരുന്നു. തിങ്കളാഴ്ച മുതല്‍ താരത്തിന് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താം എന്നതാണ് ശുഭകരമായ വാര്‍ത്ത. തനിക്ക് സ്വാതന്ത്ര്യം ലഭിച്ചു, ക്രിക്കറ്റ് കളിക്കുവാനുള്ള സ്വാതന്ത്ര്യം, ഇത് വലിയൊരു ആശ്വാസമാണെന്നാണ് ശ്രീശാന്ത് അഭിപ്രായപ്പെട്ടത്.
തന്റെ ഫിറ്റ്നെസ്സ് തെളിയിച്ച് താന്‍ കേരള ക്രിക്കറ്റിനെ പ്രതിനിധീകരിക്കുക എന്നതാണ് തന്റെ ആദ്യത്തെ ലക്ഷ്യമെന്നും ശ്രീശാന്ത് വ്യക്തമാക്കി. ശ്രീശാന്തിനെതിരെ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് ഡല്‍ഹി കോടതി താരത്തെ വെറുതേ വിട്ടുവെങ്കിലും ബിസിസിഐ ആജീവനാന്ത വിലക്ക് മാറ്റുവാന്‍ തയ്യാറായിരുന്നില്ല. ഏറെ നാളത്തെ നിയമനടപടിയ്ക്ക് ശേഷമാണ് സുപ്രീം കോടതി താരത്തിന്റെ വിലക്ക് ഈ വര്‍ഷം സെപ്റ്റംബര്‍ 13ന് അവസാനിക്കുമെന്ന് അറിയിച്ചത്.
കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ബിസിസിഐ ശ്രീശാന്തിനെ ഇനി തങ്ങളുടെ ടീമിലേക്ക് പരിഗണിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്.