ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യ രണ്ട് സ്പിന്നര്‍മാരുമായി ന്യൂസിലാണ്ടിനെ നേരിടണമെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സുനിൽ ഗവാസ്കര്‍. സൗത്താംപ്ടണിലെ പിച്ച് വരണ്ടതായിരിക്കുമെന്നും സ്പിന്നര്‍മാര്‍ക്കായിരിക്കും പിന്തുണയെന്നും സുനില്‍ ഗവാസ്കര്‍ വ്യക്തമാക്കി. മത്സരത്തിന്റെ അന്നത്തെ കാലാവസ്ഥ പ്രവചനവും വെയിലുണ്ടാകുമെന്നാണെന്നും ഇതും രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുന്നതാണ് നല്ലതെന്ന സൂചനയാണ് നല്‍കുന്നതെന്നും ഗവാസ്കര്‍ പറഞ്ഞു.
ഇന്ത്യ രണ്ട് സ്പിന്നര്‍മാരുമായി മത്സരത്തിനിറങ്ങിയാൽ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും കളിക്കും. ഇന്ത്യയുടെ 15 അംഗ സ്ക്വാഡിൽ ഈ രണ്ട് സ്പിന്നര്‍മാര്‍ മാത്രമാണുള്ളത്. സൗത്താംപ്ടണിലെ കാലാവസ്ഥ കുറച്ച് ദിവസമായി ചൂടേറിയതാണെന്നും മത്സരം പുരോഗമിച്ച ശേഷം വരണ്ട പിച്ചിൽ സ്പിന്നര്‍മാര്‍ക്കാവും കൂടുതൽ ആനുകൂല്യം ലഭിയ്ക്കുകയെന്നും ഇന്ത്യ രണ്ട് സ്പിന്നര്‍മാരുമായി മത്സരത്തിനിറങ്ങണമെന്നാണ് തന്റെ അഭിപ്രായമെന്നും സുനില്‍ ഗവാസ്കര്‍ സൂചിപ്പിച്ചു.
അശ്വിനും ജഡേജയും കളിക്കുകയാണെങ്കില്‍ അത് ബാറ്റിംഗിനും പിന്തുണയാകുമെന്നും എന്നാൽ ഇംഗ്ലണ്ട് പരമ്പരയിൽ ഇതായിരിക്കില്ല സ്ഥിതിയെന്നും പിച്ചും കാലാവസ്ഥയും നോക്കിയായിരിക്കും തീരുമാനം എന്നും ഗവാസ്കര്‍ പറഞ്ഞു.
ജൂൺ 18നാണ് ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ ആരംഭിക്കുക.