നാട്ടില്‍ ശ്രീലങ്കയോട് ഏറ്റ തോല്‍വി തങ്ങളുടെ ആത്മവിശ്വാസത്തെ ഏറെ തകര്‍ക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. ഈ പരമ്പര ആരംഭിക്കുന്നത് വരെ ദക്ഷിണാഫ്രിക്ക മികച്ച രീതിയില്‍ നാട്ടില്‍ കളിക്കുന്ന ടീമാണെന്നതായിരുന്നു തന്റെ വിശ്വാസം. എന്നാല്‍ ഈ രണ്ട് മത്സരങ്ങളോടെ അത് മാറി. തന്റെയും ടീമിന്റെയും ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരമാണ് ഈ തോല്‍വിയെന്ന് ഫാഫ് പറഞ്ഞു.
ശ്രീലങ്കയെ വില കുറച്ച് തങ്ങള്‍ കണ്ടിട്ടില്ല, തയ്യാറെടുപ്പുകളിലും വിട്ട് വീഴ്ചയുണ്ടായിട്ടില്ല എന്നാല്‍ ഈ തോല്‍വി തന്റെ കരിയറിലെ തന്നെ ഏറ്റവും വിഷമമേറിയതാണെന്ന് പറയാനെ തനിക്കിപ്പോള്‍ നിവര്‍ത്തിയുള്ളുവെന്ന് ഫാഫ് പറഞ്ഞു. പരമ്പരയില്‍ ഡര്‍ബനില്‍ ദക്ഷിണാഫ്രിക്ക വിജയം ഉറപ്പാക്കിയ ഘട്ടത്തില്‍ നിന്നാണ് മത്സരം കൈവിട്ടത്. അതും തങ്ങളുടെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്ന് വേണം കണക്കാക്കുവാന്‍. കൂടാതെ ശ്രീലങ്കയുടെ ആത്മവിശ്വാസത്തെ അത് ഏറെ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ടാവുമെന്ന് ഫാഫ് പറഞ്ഞു.
പരമ്പരയിലുടനീളം ടീമുകള്‍ മോശം ബാറ്റിംഗാണ് പുറത്തെടുത്തത്. ആദ്യമായി പരമ്പരയില്‍ ബാറ്റ്സ്മാന്മാര്‍ മുന്‍തൂക്കം നേടുന്നത് കണ്ടത് കുശല്‍ മെന്‍ഡിസും ഒഷാഡ ഫെര്‍ണാണ്ടോയും ബാറ്റ് വീശിയപ്പോളാണ്. അല്ലാതെ ശതകങ്ങള്‍ മത്സരങ്ങളില്‍ പിറന്നുവെങ്കിലും ഇതുപോലെ ബൗളര്‍മാര്‍ക്ക് യാതൊരു പ്രഭാവവും ഉണ്ടാക്കാനാകാതെ പോയ ഒരു ദിവസം ഈ പരമ്പരയില്‍ ഉണ്ടായിട്ടില്ലെന്നും ഫാഫ് പറഞ്ഞു.