ഫോളോ ഓൺ ചെയ്യേണ്ടി വന്നുവെങ്കിലും രണ്ടാം ഇന്നിംഗ്സിലെ ഭേദപ്പെട്ട പ്രകടനം ദക്ഷിണാഫ്രിക്കയ്ക്ക് സമനില സമ്മാനിച്ചു

Australia

ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സിഡ്നിയിലെ മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ഇന്ന് ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 255 റൺസിന് ഓള്‍ഔട്ട് ആയി ഫോളോ ഓണിന് വിധേയരായെങ്കിലും രണ്ടാം ഇന്നിംഗ്സിലെ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം ടീമിന് സമനില നേടിക്കൊടുക്കുകയായിരുന്നു.

ഒന്നാം ഇന്നിംഗ്സിൽ സൈമൺ ഹാര്‍മ്മറും(47) കേശവ് മഹാരാജും(53) ചേര്‍ന്ന് വാലറ്റത്തിൽ പൊരുതി എട്ടാം വിക്കറ്റിൽ 85 റൺസ് നേടിയെങ്കിലും മഹാരാജിനെയും ഹാര്‍മ്മറിനെയും പുറത്താക്കി ജോഷ് ഹാസൽവുഡ് കൂട്ടുകെട്ട് തകര്‍ത്തതും ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആകുകയായിരുന്നു. ഹാസൽവുഡ് 4 വിക്കറ്റും കമ്മിന്‍സ് 3 വിക്കറ്റും നേടി ഓസ്ട്രേലിയന്‍ ബൗളിംഗിൽ തിളങ്ങി.

രണ്ടാം ഇന്നിംഗ്സിൽ സാരെൽ ഇര്‍വി 42 റൺസും ഹെയിന്‍റിച്ച് ക്ലാസ്സന്‍ 35 റൺസും നേടി ദക്ഷിണാഫ്രിക്കയെ 42 ഓവറിൽ 105/2 എന്ന നിലയിലെത്തിച്ചപ്പോള്‍ മത്സരം സമനിലയിൽ അവസാനിപ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ടെംബ ബാവുമ 17 റൺസ് നേടി പുറത്താകാതെ നിന്നു.