ദക്ഷിണാഫ്രിക്ക തിരിച്ചടിക്കുന്നു, ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌

- Advertisement -

ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌. ഇംഗ്ലണ്ട് ഉയർത്തിയ 483 റൺസിന്റെ വിജയലക്ഷ്യം തേടി ബാറ്റ് ചെയ്യാൻ ഇറങ്ങിയ ദക്ഷിണാഫ്രിക്ക നാലാം ദിവസം കളി അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് എടുത്തിട്ടുണ്ട്. ഒരു ദിവസം മാത്രമേ ബാക്കി നിൽക്കെ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്‌ പോവുകയാണ്.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി 63 റൺസ് പുറത്താവാതെ നിന്ന പീറ്റർ മലന്റെ പ്രകടനമാണ് നാലാം ദിവസം ദക്ഷിണാഫ്രിക്കക്ക് തുണയായത്. മലനൊപ്പം 2 റൺസ് എടുത്ത കേശവ് മഹാരാജ് ആണ് ക്രീസിൽ ഉള്ളത്. 34 റൺസ് എടുത്ത എൽഗറിന്റെയും 18 റൺസ് എടുത്ത സുബൈർ ഹംസയുടെയും വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. ഡെൻലിയും ആൻഡേഴ്സണുമാണ് വിക്കറ്റുകൾ വീഴ്ത്തിയത്.

നേരത്തെ സെഞ്ചുറി പ്രകടനം നടത്തിയ ഡോം സിബിലിയുടെയും വെടിക്കെട്ട് പ്രകടനം നടത്തിയ ബെൻ സ്റ്റോക്സിന്റെയും പ്രകടനത്തിന്റെ പിൻബലത്തിൽ ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തിൽ 391 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. സിബിലി 133 റൺസ് എടുത്ത് പുറത്താവാതെ നിന്നപ്പോൾ 47 പന്തിൽ 72 റൺസ് നേടിയ സ്റ്റോക്സ് മഹാരാജിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു.

Advertisement