പാകിസ്താനെതിരെ അനായാസ ജയം സ്വന്തമാക്കി സൗത്ത് ആഫ്രിക്ക

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ അനായാസ ജയം സ്വന്തമാക്കി സൗത്ത് ആഫ്രിക്ക. 8 ഓവർ ബാക്കി വെച്ച് 5 വിക്കറ്റിനാണ് സൗത്ത് ആഫ്രിക്ക ജയിച്ചത്. ഇതോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പര സമനിലയിലാക്കാനും സൗത്ത് ആഫ്രിക്കക്കായി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 203 റൺസിന്‌ ഓൾ ഔട്ട് ആയപ്പോൾ അഞ്ചു വിക്കറ്റ് ബാക്കിയാക്കി സൗത്ത് ആഫ്രിക്ക ജയം സ്വന്തമാക്കുകയായിരുന്നു. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ പെഹ്‌ലുക്വായോയുടെ പ്രകടനമാണ് സൗത്ത് ആഫ്രിക്കക്ക് അനായാസ ജയം നേടി കൊടുത്തത്.

നേരത്തെ ടോസ് നേടിയ സൗത്ത് ആഫ്രിക്ക പാകിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പാകിസ്ഥാൻ ബാറ്റ്സ്മാൻമാർ ഒന്നിന് പിറകെ ഒന്നായി പവലിയൻ കയറിയപ്പോൾ ഒരു വേള 150 റൺസ് പോലും എത്തില്ലെന്ന സ്ഥിതിയായിരുന്നു. 8 വിക്കറ്റിന് 112 റൺസ് എന്ന നിലയിൽ നിന്ന് ഒൻപതാം വിക്കറ്റിൽ ക്യാപ്റ്റൻ സർഫറാസ് അഹമ്മദും ഹസൻ അലിയും ചേർന്ന് കൂട്ടിച്ചേർത്ത 90 റൺസിന്റെ കൂട്ടുകെട്ടാണ് പാകിസ്ഥാനെ 200 കടത്തിയത്. സർഫറാസ് അഹമ്മദ് 41 റൺസും ഹസൻ അലി 59 റൺസുമെടുത്ത് പുറത്തായി. സൗത്ത് ആഫ്രിക്കൻ നിരയിൽ പെഹ്‌ലുക്വായോ 4 വിക്കറ്റും ഷംസി 3  വിക്കറ്റും നേടി.

തുടർന്ന് ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കക്ക് ഓപ്പണർമാരെ പെട്ടന്ന് നഷ്ടമായെങ്കിലും 80 റൺസ് എടുത്ത് പുറത്താവാതെ നിന്ന വാൻ ഡെർ ഡ്യൂസ്സനും 69 റൺസ് എടുത്ത് പുറത്താവാതെ നിന്ന പെഹ്‌ലുക്വായും ചേർന്ന് പാകിസ്ഥാന്റെ സ്കോർ മറികടക്കുകയായിരുന്നു. പാകിസ്ഥാൻ നിരയിൽ ഷഹീൻ ഷാ അഫ്രീദി മൂന്ന് വിക്കറ്റും ശദാബ് ഖാൻ രണ്ട് വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ മൂന്നാമത്തെ ഏകദിന മത്സരം വെള്ളിയാഴ്ച നടക്കും.