ക്യാപ്റ്റനായി ഡി കോക്ക് അരങ്ങേറ്റം നടത്തിയ മത്സരത്തിൽ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായി തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക. 7 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ജൂലൈയിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് ലോകകപ്പ് കിരീടം നേടിയതിന് ശേഷം ഇംഗ്ലണ്ട് കളിച്ച ആദ്യ ഏകദിന മത്സരം കൂടിയായിരുന്നു ഇത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തിൽ 258 റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 3 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ ലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു. സെഞ്ചുറി പ്രകടനവുമായി ക്യാപ്റ്റൻ ഡി കോക്ക് പുറത്തെടുത്ത പ്രകടനമാണ് ദക്ഷിണാഫ്രിക്കക്ക് വിജയം അനായാസമാക്കിയത്. 107 റൺസ് എടുത്ത ഡി കോക്ക് റൂട്ടിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. 98 റൺസ് എടുത്ത ബാവുമ്മയും 38 റൺസ് എടുത്ത വാൻ ഡർ ഡുസ്സനും ദക്ഷിണാഫ്രിക്കയുടെ വിജയം എളുപ്പമാക്കി. ഡി കോക്കും ബാവുമ്മയും ചേർന്ന് മൂന്നാം വിക്കറ്റിൽ 173 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ഇംഗ്ലണ്ട് മത്സരം കൈവിടുകയായിരുന്നു.
നേരത്തെ 87 റൺസ് എടുത്ത ഡെൻലിയുടെയും 40 റൺസ് എടുത്ത വോക്സിന്റെയും പ്രകടനത്തിന്റെ പിൻബലത്തിലാണ് ഇംഗ്ലണ്ട് 258 റൺസ് എടുത്തത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഷംസി മൂന്ന് വിക്കറ്റ് വീഴ്ത്തി.