രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ന്നപ്പോള്‍ ഇന്ത്യ എ യ്ക്കെതിരെ മോശം നിലയില്‍ ദക്ഷിണാഫ്രിക്ക എ. നാളെ മത്സരത്തിന്റെ അവസാന ദിവസം തിരുവനന്തപുരത്തെ മഴ കനിഞ്ഞാല്‍ മാത്രമേ പരാജയം ഒഴിവാക്കുവാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആകുകയുള്ളു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 179/9 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. കൈവശമുള്ളത് 40 റണ്‍സിന്റെ ലീഡ് മാത്രം.
മൂന്നാം ദിവസം മഴ കാരണം വൈകി തുടങ്ങിയ മത്സരത്തില്‍ ഹെയിന്‍റിച്ച് ക്ലാസ്സെനും വിയാന്‍ മുള്‍ഡറും ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകളായി നിന്നുവെങ്കിലും മുള്‍ഡര്‍ റണ്ണൗട്ട് ആയതോടെ ദക്ഷിണാഫ്രിക്കയുടെ പതനം ആരംഭിച്ചു. ആറാം വിക്കറ്റില്‍ 74 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ മുള്‍ഡര്‍ 46 റണ്‍സ് നേടി പുറത്തായി. പിന്നീട് 10 റണ്‍സ് എടുക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റുകള്‍ കൂടി ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി.
48 റണ്‍സ് നേടിയ ഹെയിന്‍റിച്ച് ക്ലാസ്സെനെ പുറത്താക്കി ജലജ് സക്സേന മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. നേരത്തെ ഡെയിന്‍ പീഡെടിനെ താരം പുറത്താക്കുകയായിരുന്നു. ഷഹ്ബാസ് നദീം മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ക്രീസില്‍ 5 റണ്‍സുമായി ലൂഥോ സിപാംലയും റണ്ണൊന്നുമെടുക്കാതെ ലുംഗിസാനി ഗിഡിയുമാണ് നില്‍ക്കുന്നത്.