ക്രിക്കറ്റ് പരിശീലകനെ നിയമിക്കുന്നതിൽ വിപ്ലവ മാറ്റങ്ങൾക്ക് ഒരുങ്ങി സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്. ഫുട്ബോളിൽ പരിശീലകന് ഉണ്ടാവുന്ന എല്ലാ സ്വാതന്ത്രങ്ങളും പുതിയ പരിശീലകന് നൽകാനാണ് സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം. ഇത് പ്രകാരം ടീം മാനേജർ ആയി ഒരാളെ നിയമിക്കുകയും ടീം മാനേജർക്ക് പരിശീലക സ്റ്റാഫിനെയും ടീമിന്റെ ക്യാപ്റ്റനെയും നിയമിക്കാനുള്ള അധികാരം ഉണ്ടാവും.
ടീമിന്റെ മെഡിക്കൽ സ്റ്റാഫുകളും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകളും ഇത് പ്രകാരം ടീം മാനേജർക്ക് റിപ്പോർട്ട് ചെയ്യണം. ടീം മാനേജർ സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ ആക്ടിങ് ഡയറക്ടർ ആയ വാൻ സീലിനാണ് ഇത് പ്രകാരം റിപ്പോർട്ട് ചെയ്യേണ്ടത്. യൂറോപ്യൻ ഫുട്ബോളിൽ നിലവിലുള്ള ടെക്നിക്കൽ ഡയറക്ടർ ടീമിനെയും പരിശീലികനെയും നിയന്ത്രിക്കുന്ന രീതിയാണ് സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് കൊണ്ടുവരാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്നാണ് വലിയ മാറ്റങ്ങൾക്ക് സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് തുനിഞ്ഞത്. ലോകകപ്പിൽ ടീമിനെ പരിശീലിപ്പിച്ച പരിശീലകൻ ഓട്ടിസ് ഗിബ്സന്റെ കരാർ പുതുക്കേണ്ടതില്ലെന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക തീരുമാനിച്ചിട്ടുണ്ട്. ലോകകപ്പിൽ കളിച്ച 9 മത്സരങ്ങളിൽ നിന്ന് 3 എണ്ണം മാത്രമാണ് സൗത്ത് ആഫ്രിക്ക ജയിച്ചത്.