ബർമിംഗ്ഹാമിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തന്റെ കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്തു. 387 പന്തിൽ നിന്ന് 269 റൺസ് നേടിയ ഗില്ലിന്റെ ഇന്നിംഗ്‌സിൽ 30 ഫോറുകളും 3 സിക്സറുകളും ഉൾപ്പെടുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഇതിനെ “ഇംഗ്ലണ്ടിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്‌സ്” എന്നാണ് വിശേഷിപ്പിച്ചത്.

ആദ്യ ടെസ്റ്റിലെ തോൽവിക്ക് ശേഷം കടുപ്പമേറിയ ഇംഗ്ലീഷ് സാഹചര്യങ്ങളിൽ ഗിൽ പ്രകടിപ്പിച്ച പക്വതയും, സാങ്കേതികതയും, മനോഭാവത്തെയും ഗാംഗുലി പ്രശംസിച്ചു. “ഗില്ലിൽ നിന്നുള്ള ഒരു സമ്പൂർണ്ണ മാസ്റ്റർക്ലാസ്… കുറ്റമറ്റ പ്രകടനം… ഏത് കാലഘട്ടത്തിലും ഇംഗ്ലണ്ടിൽ ഞാൻ കണ്ടിട്ടുള്ള മികച്ച ഇന്നിംഗ്സുകളിൽ ഒന്ന്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ വലിയ പുരോഗതിയുണ്ടായി.” ഗാംഗുലി പറഞ്ഞു.
ഗില്ലിന്റെ ഈ തകർപ്പൻ ഇന്നിംഗ്‌സ് ഇന്ത്യയെ ഒന്നാം ഇന്നിംഗ്സിൽ 587 റൺസെന്ന കൂറ്റൻ സ്കോറിലെത്തിച്ചു. ഇത് മത്സരത്തിൽ ഇന്ത്യക്ക് പൂർണ്ണമായ ആധിപത്യം നേടിക്കൊടുത്തു. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിനെ 77/3 എന്ന നിലയിലേക്ക് ഇന്ത്യ ചുരുക്കിയിരുന്നു.