“റിഷഭ് പന്തിന് സമയം കൊടുക്കു, എല്ലാം ശരിയാവും”

Staff Reporter

യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ പിന്തുണച്ച് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. റിഷഭ് പന്ത് മികച്ച താരമാണെന്നും താരത്തിന് സമയം കൊടുത്താൽ എല്ലാം ശരിയാവുമെന്നും ഗാംഗുലി പറഞ്ഞു. റിഷഭ് പന്തിന്റെ മോശം പ്രകടനത്തിന്റെ പേരിൽ വിമർശനം നേരിടുന്ന സമയത്താണ് താരത്തിന് പിന്തുണയുമായി ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി രംഗത്തെത്തിയത്.

റിഷഭ് പന്തിന് പതിയെ പക്വത കൈവരുമെന്നും താരത്തിന് ആവശ്യമായ സമയം നൽകണമെന്നും ഗാംഗുലി പറഞ്ഞു. ബംഗ്ളദേശിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ടീമിനെ സൗരവ് ഗാംഗുലി അഭിനന്ദിക്കുകയും ചെയ്തു. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സ്റ്റമ്പിങ് അവസരം നഷ്ടപ്പെടുത്തിയ റിഷഭ് പന്തിനെതിരെ പല കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ലിറ്റൻ ദാസിനെ ചഹാലിന്റെ പന്തിൽ സ്റ്റമ്പ് ചെയ്‌തെങ്കിലും സ്റ്റമ്പിന് മുൻപിൽ കയറി പന്ത് പിടിച്ച് സ്റ്റമ്പ് ചെയ്തതോടെ തേർഡ് അമ്പയർ ഔട്ട് അനുവദിച്ചിരുന്നില്ല.