സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ഉറപ്പിക്കാൻ ഇന്ന് കേരളം തമിഴ്നാടിനെതിരെ

- Advertisement -

ഇന്ന് സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിലെ കേരളത്തിന്റെ അവസാന മത്സരമാണ്. ഇന്ന് കോഴിക്കോട് വെച്ച് നടക്കുന്ന മത്സരത്തിൽ തമിഴ്നാടിനെയാണ് കേരളം നേരിടുക. ആദ്യ മത്സരങ്ങൾ വിജയിച്ച് തുല്യപോയന്റിൽ നിൽക്കുകയാണ് തമിഴ്നാടു കേരളവും. എങ്കിലും ഒരു സമനില മതി കേരളത്തിന് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനൽ റൗണ്ടിലേക്ക് എത്താൻ.

ആദ്യ മത്സരത്തിൽ ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്. 4-1 എന്ന സ്കോറിനായിരുന്നു തമിഴ്നാടിന്റെ ആന്ധ്രയ്ക്ക് എതിരായുള്ള വിജയം. അതുകൊണ്ട് തന്നെ മെച്ചപ്പെട്ട ഗോൾ ഡിഫറൻസ് കേരളത്തിനെ ഒന്നാമത് നിർത്തുകയാണ്. കേരളത്തിന് ഒരു സമനില മതിയാകുമ്പോൾ തമിഴ്നാടിന് ജയിച്ചാൽ മാത്രമേ ഫൈനൽ റൗണ്ടിൽ എത്താൻ ആവുകയുള്ളൂ.

ആദ്യ മത്സരത്തിൽ നടത്തിയ പ്രകടനം ഇന്നും ആവർത്തിക്കാൻ കഴിയും എന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച ആയതിനാൽ തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിൽ ആകും മത്സരം നടക്കുക എന്നതും കേരളത്തിന് കരുത്താകും. ഇന്ന് വൈകിട്ട് 4 മണിക്കാണ് മത്സരം.

Advertisement