SA20 2025-26 സീസണിന് മുന്നോടിയായുള്ള ഒരു സുപ്രധാന നീക്കത്തിൽ, സൗരവ് ഗാംഗുലിയെ പ്രിട്ടോറിയ ക്യാപിറ്റൽസിൻ്റെ പുതിയ പരിശീലകനായി നിയമിച്ചു. ഒരു ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനായുള്ള ഗാംഗുലിയുടെ ആദ്യ നിയമനമാണിത്. മുൻപ് ക്രിക്കറ്റിൽ വിവിധ നേതൃത്വപരവും ഭരണപരവുമായ ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

ജൊനാഥൻ ട്രോട്ടിന് പകരക്കാരനായാണ് ഗാംഗുലി എത്തുന്നത്. ഡിസംബർ 26-ന് ടൂർണമെന്റ് ആരംഭിക്കുമ്പോൾ ഗാംഗുലി പരിശീലകന്റെ റോളിൽ ഇറങ്ങും. കഴിഞ്ഞ രണ്ട് സീസണുകളിലെ മോശം പ്രകടനത്തിന് ശേഷം ഗാംഗുലിയുടെ നേതൃത്വം ടീമിന്റെ തലവര മാറ്റുമെന്ന് ജെഎസ്ഡബ്ല്യു സ്പോർട്സിന്റെ ഉടമസ്ഥതയിലുള്ള ക്യാപിറ്റൽസ് പ്രതീക്ഷിക്കുന്നു.
ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ടീമാണ് പ്രിട്ടോറിയ ക്യാപിറ്റൽസ്. 2023-ലെ ആദ്യ സീസണിൽ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്ത അവർ, 2024-ലും 2025-ലും അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും പ്ലേഓഫ് യോഗ്യത നേടുന്നതിൽ പരാജയപ്പെടുകയും ചെയ്തു.
കഴിഞ്ഞ വർഷം മുതൽ ജെഎസ്ഡബ്ല്യു സ്പോർട്സിൻ്റെ ക്രിക്കറ്റ് ഡയറക്ടറായി ഗാംഗുലി പ്രവർത്തിക്കുന്നതിനാൽ ഈ നിയമനം വളരെ സ്വാഭാവികമായ ഒരു പുരോഗതിയായി കണക്കാക്കുന്നു. സെപ്റ്റംബർ 9-ന് നടക്കുന്ന കളിക്കാരുടെ ലേലമായിരിക്കും അദ്ദേഹത്തിന്റെ ആദ്യ വെല്ലുവിളി.