2018ലെ പാക്കിസ്ഥാന്റെ ഏകദിന ദുരന്തം

2017ല്‍ ഏകദിന ചാമ്പ്യന്‍സ് ട്രോഫി വിജയിച്ച ടീമാണ് പാക്കിസ്ഥാന്‍. അത് പോലെ തന്നെ ടി20യില്‍ ടീമിനെ പിടിച്ചുകെട്ടുവാന്‍ മറ്റു ടീമുകള്‍ പാടുപെടുകയാണ്. ടി20യില്‍ ഒന്നാം റാങ്കുകാരായ പാക്കിസ്ഥാനു എന്നാല്‍ ഏകദിനത്തില്‍ അത്ര കണ്ട മികവ് പുലര്‍ത്താനായിട്ടില്ല. സിംബാബ്‍വേ, ഹോങ്കോംഗ്, അഫ്ഗാനിസ്ഥാന്‍ എന്നിവരെ ടീം ഏകദിനങ്ങളില്‍ തകര്‍ത്തുവെങ്കിലും മറ്റു മത്സരങ്ങളില്‍ തോല്‍വി തന്നെയായിരുന്നു ഫലം.

ന്യൂസിലാണ്ടുമായി വര്‍ഷത്തിന്റെ തുടക്കത്തില്‍ 5-0നു പരമ്പര തോറ്റ പാക്കിസ്ഥാന്‍ സിംബാബ്‍വേയില്‍ വെച്ച് അതേ മാര്‍ജിനില്‍ ജയം സ്വന്തമാക്കി. ഏഷ്യ കപ്പില്‍ ഹോങ്കോംഗിനെയും അഫ്ഗാനിസ്ഥാനെയും കീഴടക്കിയപ്പോള്‍ ഇന്ത്യയോട് രണ്ട് തവണയും ബംഗ്ലാദേശിനോട് ഒരു തവണയും ടീം തോല്‍വിയേറ്റു വാങ്ങി.

ഇപ്പോള്‍ വീണ്ടും ന്യൂസിലാണ്ടിനോട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെടുമ്പോള്‍ ടീമിന്റെ ഈ വര്‍ഷത്തെ ന്യൂസിലാണ്ടിനോടുള്ള ആറാമത്തെ തോല്‍വിയാണിത്.