ന്യൂസിലാൻഡിനെതിരായ നാലാം ടി20 മത്സരത്തിലെ സ്ലോ ഓവർ റേറ്റിന്റെ പേരിൽ ഇന്ത്യക്ക് ഐ.സി.സിയുടെ പിഴ. മാച്ച് ഫീയുടെ 40 ശതമാനമാണ് ഇന്ത്യക്ക് പിഴയായി വിധിച്ചിരിക്കുന്നത്. ഇന്ത്യൻ ടീം നിശ്ചിത സമയത്ത് 2 ഓവർ കുറച്ചാണ് എറിഞ്ഞെതെന്ന് മാച്ച് റഫറി ക്രിസ് ബ്രോഡ് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ഇന്ത്യക്കെതിരെ ഐ.സി.സി. നടപടി.
ഐ.സി.സി നിയമപ്രകാരം ഓരോ ഓവർ കുറച്ച് എറിയുന്നതിന് മാച്ച് ഫീയുടെ 20 ശതമാനം താരങ്ങളിൽ നിന്ന് ഈടാക്കും. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി കുറ്റം ഏറ്റെടുക്കുകയും ഐ.സി.സി വിധിച്ച ശിക്ഷ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. തുടർച്ചയായ രണ്ടാം മത്സരത്തിലും സൂപ്പർ ഓവറിലൂടെ ഇന്ത്യ ജയം സ്വന്തമാക്കിയിരുന്നു. നിലവിൽ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 4-0ന് മുൻപിലാണ്.