കൈവശം 8 വിക്കറ്റ്, ജയത്തിനായി വേണ്ടത് 137 റണ്‍സ്, ആര്‍ക്കും നേടാം പോര്‍ട്ട് എലിസബത്ത് ടെസ്റ്റ്

പോര്‍ട്ട് എലിസബത്തില്‍ ദക്ഷിണാഫ്രിക്ക ശ്രീലങ്ക രണ്ടാം ടെസ്റ്റില്‍ ഇരു ടീമുകള്‍ക്കും പ്രതീക്ഷ. മത്സരത്തിന്റെ രണ്ടാം ദിവസം വീണ 18 വിക്കറ്റുകളുടെ ബലത്തില്‍ മത്സരം മൂന്ന് ദിവസത്തിനപ്പുറം പോകില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 60/2 എന്ന നിലയിലാണ്. ജയിക്കുവാന്‍ നേടേണ്ടത് 137 റണ്‍സ്. കൈവശമുള്ളത് 8 വിക്കറ്റുകളും. 10 റണ്‍സുമായി കുശല്‍ മെന്‍ഡിസും 17 റണ്‍സുമായി ഒഷാഡ ഫെര്‍ണാണ്ടോയുമാണ് ശ്രീലങ്കയ്ക്കായി ക്രീസില്‍ നില്‍ക്കുന്നത്.

ദിമുത് കരുണാരത്നേ(19), ലഹിരു തിരിമന്നേ(10) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. കാഗിസോ റബാഡയും ഡുവാന്നെ ഒളിവിയറും ഓരോ വിക്കറ്റ് വീതം നേടി. ഡര്‍ബനില്‍ ഇതിലും ശ്രമകരമായ ലക്ഷ്യം മറികടന്നതിന്റെ ആത്മവിശ്വാസത്തിലാവും ലങ്ക മൂന്നാം ദിവസം ബാറ്റ് ചെയ്യാനെത്തുന്നത്.

നേരത്തെ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 154 റണ്‍സിനും ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 128 റണ്‍സിനും അവസാനിക്കുകയായിരുന്നു.

Previous articleസോഗോയുടെ ഹാട്രിക്ക് കൊപ്പലാശാനെ വീഴ്ത്തി, പ്ലേ ഓഫിൽ കയറി മുംബൈ
Next articleപയ്യന്നൂർ സെവൻസിൽ ചാമ്പ്യന്മാർക്ക് ഗംഭീര തുടക്കം