ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. രോഹിത് ശർമ്മയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റി, ശ്രേയസ് അയ്യർക്ക് നായക ചുമതല നൽകാൻ ബിസിസിഐ ആലോചിക്കുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഈ ആഴ്ച പ്രഖ്യാപിച്ച ഏഷ്യാ കപ്പിനുള്ള ടീമിൽ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയതിനെത്തുടർന്ന് പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഒരു ദീർഘകാല നായകനെ വാർത്തെടുക്കാനുള്ള ബിസിസിഐയുടെ പദ്ധതിയുടെ ഭാഗമാണിതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചനകൾ.

അതേസമയം, ടെസ്റ്റ് ക്യാപ്റ്റനായ ശുഭ്മാൻ ഗിൽ ഏഷ്യാ കപ്പിന് ശേഷം ടി20 ടീമിന്റെ നായകനാകുമെന്നും റിപ്പോർട്ടുകളുണ്ട്. രോഹിത് ശർമ്മ, വിരാട് കോഹ്ലി തുടങ്ങിയ മുതിർന്ന താരങ്ങൾക്ക് അവരുടെ ഏകദിന ഭാവി തീരുമാനിക്കാനുള്ള അവസരം നൽകുന്നതിനൊപ്പം അടുത്ത തലമുറയിലെ നായകന്മാരെ വളർത്തിക്കൊണ്ടു വരാനാണ് സെലക്ടർമാർ ശ്രമിക്കുന്നത്. വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഓസ്‌ട്രേലിയൻ പര്യടനത്തോടെ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ ഈ തലമുറ മാറ്റം ആരാധകർ ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്.
2027 ലോകകപ്പിൽ രോഹിതും കോഹ്ലിയും കളിച്ചാലും ശ്രേയസ് അയ്യർ ആകും ഇന്ത്യ ആ ലോകകപ്പിൽ നയിക്കുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു.