2024 ലെ ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ബാബർ അസമിനെയും പാകിസ്ഥാൻ ടീമിനെയും രൂക്ഷമായി വിമർശിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്. ‘പാകിസ്ഥാൻ്റെ ഏറ്റവും മികച്ച കളിക്കാരൻ’ എന്ന് വിളിക്കപ്പെടുന്ന ബാബർ അസമിന് പോലും മറ്റു മികച്ച അന്താരാഷ്ട്ര ടീമുകളിൽ ഇടം നേടാനുള്ള നിലവാരം ഇല്ല എന്ന് മാലിക് പറഞ്ഞു. നേപ്പാൾ പോലും അദ്ദേഹത്തെ ടീമിൽ എടുക്കില്ല എന്ന് മാലിക് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
“ആരാണ് ഞങ്ങളുടെ മികച്ച പ്ലെയർ? ഞങ്ങളുടെ ഏറ്റവും മികച്ച കളിക്കാരൻ ബാബർ അസമാണ്. ഞാൻ സംസാരിക്കുന്നത് മികച്ച 4-5 ടീമുകളെക്കുറിച്ചാണ്. ആ ടീമുകളുടെ പ്ലെയിംഗ് ഇലവനിൽ ബാബറിന് എത്താൻ കഴിയുമോ? ഈ ഫോർമാറ്റിൽ ഓസ്‌ട്രേലിയയുടെയോ ഇന്ത്യയുടെയോ ഇംഗ്ലണ്ടിൻ്റെയോ ടീമിൽ എത്താൻ കഴിവുള്ള താരമല്ല ബാബ്ർ എന്നതാണ് ഉത്തരം!” മാലിക് പറഞ്ഞു.