ഇംഗ്ലണ്ടിന് പര്യടനത്തിന് പോവുന്നതിന് മുൻപ് തന്റെ ഭാര്യയെ സാനിയ മിർസയെയും മകനെയും കാണാൻ പാകിസ്ഥാൻ വെറ്ററൻ താരം ഷൊഹൈബ് മാലിക്കിന് അനുമതി നൽകി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ അഞ്ച് മാസത്തിൽ അധികമായി ഷൊഹൈബ് മാലിക് തന്റെ ഭാര്യയെയും മകനെയും കണ്ടിട്ടില്ല. കൊറോണ വൈറസ് പടർന്നതിനെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചതോടെയാണ് ഇരുവർക്കും പരസ്പരം കാണാനാവാതെ പോയത്. കൊറോണ വൈറസ് ബാധ തുടങ്ങുന്നതിന് മുൻ പാകിസ്ഥാൻ സൂപ്പർ ലീഗിൽ പെഷവാർ സൽമിക്ക് വേണ്ടി ഷൊഹൈബ് മാലിക് കളിച്ചിരുന്നു.
ഇംഗ്ലണ്ടിൽ പാകിസ്ഥാൻ മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് കളിക്കുക. 29 അംഗ പാകിസ്ഥാൻ ടീം ജൂൺ 28ന് ഇംഗ്ലണ്ടിലേക്ക് തിരിക്കും. തുടർന്ന് അവിടെ 14 ദിവസം താരങ്ങൾ ക്വറന്റൈനിൽ ഇരിക്കുകയും ചെയ്യും. അതെ സമയം സാനിയ മിർസയെ കാണാൻ അവസരം ലഭിച്ച ഷൊഹൈബ് മാലിക് ജൂലൈ 24ന് മാത്രമാവും ഇംഗ്ലണ്ടിൽ എത്തുക. ഇംഗ്ലണ്ട് & വെയിൽസ് ക്രിക്കറ്റ് ബോർഡ് താരത്തിന് ഈ സമയത്ത് ഇംഗ്ലണ്ടിലേക്ക് വരാനുള്ള അനുവാദം നൽകിയിട്ടുണ്ട്. നിലവിൽ ഷൊഹൈബ് മാലിക് പാകിസ്ഥാൻ ടി20 ടീമിൽ മാത്രമാണ് കളിക്കുന്നത്.