രാഹുലിനെയും ശിഖർ ധവാനെയും ഒരുമിച്ച് കളിപ്പിക്കുമെന്ന സൂചന നൽകി വിരാട് കോഹ്‌ലി

- Advertisement -

ഇന്ത്യൻ ഓപ്പണർമാരായ കെ.എൽ രാഹുലിനും ശിഖർ ധവാനും ഇന്ത്യൻ ടീമിൽ ഒരുമിച്ച് കളിക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇന്ത്യൻ ഓപ്പണിങ്ങിൽ സ്ഥിര സാന്നിദ്ധ്യമായ രോഹിത് ശർമ്മക്കൊപ്പം ശിഖർ ധവാൻ, കെ.എൽ രാഹുൽ എന്നിവരിൽ നിന്ന് ഒരാൾ മാത്രമാണ് കളിക്കാൻ സാധ്യത കൽപ്പിക്കപെട്ടിരുന്നത്.

എന്നാൽ ശിഖർ ധവാനെയും കെ.എൽ രാഹുലിനെയും ടീമിൽ ഉൾപെടുത്താൻ വേണ്ടി താൻ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ തയ്യാറാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി പറഞ്ഞു. നാളെ ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ഏകദിന മത്സരം നടക്കാനിരിക്കെയാണ് ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം. താൻ മൂന്നാം സ്ഥാനത്ത് നിന്ന് മാറി കളിക്കുന്നതിനെ ഭയപെടുന്നില്ലെന്നും ഫോമിലുള്ള താരങ്ങളെ ടീമിൽ ഉൾപ്പെടുത്തുന്നത് ടീമിന് ഗുണം ചെയ്യുമെന്നും വിരാട് കോഹ്‌ലി പറഞ്ഞു.

കഴിഞ്ഞ മത്സരങ്ങളിൽ കെ.എൽ രാഹുൽ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തുകൊണ്ടിരുന്നത്. അതെ സമയം പരിക്കിൽ നിന്ന് മോചിതനായി മികച്ച പ്രകടനം പുറത്തെടുക്കാനുറച്ചാണ് ശിഖർ ധവാൻ ഓസ്ട്രേലിയക്കെതിരെ ഇറങ്ങുക.

Advertisement