പരിമിത ഓവർ മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി പോലെയും രോഹിത് ശർമ്മയെ പോലും വളരെ പ്രാധാന്യമുള്ള താരമാണ് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ലോകകപ്പിനിടെ പരിക്കേറ്റ ശിഖർ ധവാൻ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ ടീമിൽ തിരിച്ചെത്തിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ടി20യിൽ 27 റൺസും ഏകദിനത്തിൽ 38 റൺസും മാത്രമാണ് ശിഖർ ധവാന് നേടാനായത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി പ്രകടനവുമായി മികച്ച നിന്നെങ്കിലും താരത്തിനേറ്റ പരിക്ക് താരത്തെ ലോകകപ്പിൽ നിന്ന് പുറത്താക്കിയിരുന്നു.
ശിഖർ ധവാനും രോഹിത് ശർമയും ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരാണ്. നിലവിൽ ലോക ക്രിക്കറ്റിൽ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടും ഇവരുടേതാണ്. ഇന്ത്യക്ക് വേണ്ടി ശിഖർ ധവാൻ പുറത്തെടുക്കുന്ന പ്രകടനം വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും പുറത്തെടുക്കുന്ന അതെ പ്രാധാന്യം ഉള്ളതാണെന്നും ഹർഭജൻ പറഞ്ഞു. തന്റെ അഭിപ്രായത്തിൽ നിലവിൽ ടി20യിലും ഏകദിനത്തിലും ധവാനെക്കാൾ മികച്ച ഒരു ഓപ്പണർ ഇല്ലെന്നും തന്റെ ഫിറ്റ്നസ് വീണ്ടെടുത്താൽ 2-3 വർഷത്തിനുള്ളിൽ ധവാൻ ആർക്കും എത്തിപ്പിടിക്കാൻ സാധിക്കാതെ ഫോമിൽ എത്തുമെന്നും ഹർഭജൻ പറഞ്ഞു.