ആരോണ്‍ ഫിഞ്ചിനുമേല്‍ സെലക്ടര്‍മാരുടെ കടുത്ത തീരുമാനം അധികം വൈകാതെ തന്നെയുണ്ടാകുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് പറഞ്ഞ് ഷെയിന്‍ വോണ്‍. ഒന്നോ രണ്ടോ ഇന്നിംഗ്സുകള്‍ക്കിടയില്‍ വലിയൊരു സ്കോര്‍ വന്നില്ലെങ്കില്‍ ഓസ്ട്രേലിയന്‍ നായകന്‍ ടീമിനു പുറത്തേക്കാകും പോകുന്നതെന്ന് മുന്‍ ഓസ്ട്രേലിയന്‍ മാന്ത്രിക സ്പിന്നര്‍ അഭിപ്രായപ്പെട്ടു.
ലോകകപ്പിനു മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കെ ഓസ്ട്രേലിയയെ പുതിയ നായകനെ കണ്ടെത്തുക എന്നൊരു തീരുമാനത്തിലേക്ക് കൂടി ഫിഞ്ച് വൈകാതെ കൊണ്ടെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വോണ്‍ പറഞ്ഞു. ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിനുള്ളില്‍ താരം വേണ്ടത്ര റണ്‍സ് കണ്ടെത്തിയില്ലെങ്കില്‍ പിന്നെ അധിക കാലം ടീമില്‍ താരം തുടരില്ലെന്ന് ഷെയിന്‍ വോണ്‍ വ്യക്തമാക്കി.
താരം റെഡ് ബോള്‍ ക്രിക്കറ്റില്‍ തന്റെ ടെക്നിക്ക് മെച്ചപ്പെടുത്തുവാന്‍ ശ്രമിച്ച ഏകദിന ഫോര്‍മാറ്റിലെ മികവ് കൂടി കൊണ്ടുകളഞ്ഞുവെന്നാണ് വോണ്‍ അഭിപ്രായപ്പെട്ടത്. ക്യാപ്റ്റനായതിന്റെ ആനുകൂല്യത്തില്‍ മാത്രമാണ് ഫിഞ്ച് ടീമില്‍ തുടരുന്നതെന്നും വോണ്‍ പറഞ്ഞു. എന്നാല്‍ ഏറെ കാലം ഇങ്ങനെ കടിച്ച് തൂങ്ങി നില്‍ക്കുവാന്‍ ആര്‍ക്കും ആകില്ലെന്ന് ഷെയിന്‍ വോണ്‍ മുന്നറിയിപ്പ് നല്‍കി.