ക്രീസിന് പുറത്ത് കടക്കുന്ന നോൺ സ്ട്രൈക്കർമാരെ മങ്കാഡ് ചെയ്ത് പുറത്താക്കണമെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കൻ സ്പിന്നർ തബ്രൈസ് ഷംസി. ഈ വിഷയത്തിൽ താൻ രവിചന്ദ്രൻ അശ്വിന് പിന്തുണ നൽകുന്നുവെന്നാണ് ഷംസി പറഞ്ഞത്. ഐപിഎൽ 2019 സീസണിൽ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ലർക്ക് മുന്നറിയിപ്പ് പോലും നൽകാതെ മങ്കാഡിംഗ് ചെയ്ത് പുറത്താക്കി അശ്വിന്റെ നീക്കം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. താരത്തിന്റെ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് പണ്ഡിതന്മാരും സോഷ്യൽ മീഡിയയും രണ്ട് തട്ടിൽ നിൽക്കുകയായിരുന്നു.
മത്സരത്തിന്റെ സുപ്രധാന ഘട്ടത്തിലുള്ള ഈ പുറത്താകൽ രാജസ്ഥാന്റെ സാധ്യതകളെ ബാധിക്കുകയും പഞ്ചാബ് കടന്ന് കൂടുകയും ചെയ്തത് വിവാദത്തിന് ആക്കം കൂട്ടി. ക്രിക്കറ്റിന്റെ സ്പിരിറ്റിനെതിരെ എന്ന് പറഞ്ഞ് അന്ന് ഏവരും അശ്വിനെ വിമർശിച്ചിരുന്നു. ബാറ്റ്സ്മാന്മാർ അനാവശ്യമായ മുതലെടുപ്പ് എടുക്കുന്നത് തടയുവാൻ ബൌളർമാർ ഇത്തരത്തിൽ ഭയമില്ലാതെ പുറത്താക്കലുകൾ നടത്തണമെന്നും ഇങ്ങനെ പുറത്താക്കിയ ശേഷമുള്ള വിമർശനങ്ങളെ ഭയന്നാണ് പലരും ഇത് ചെയ്യാത്തതെന്നും ഷംസി വ്യക്തമാക്കി.
നിയമത്തിനുള്ളിലുള്ള കാര്യമായതിനാൽ തന്നെ ബൌളർമാർ ഇതിൽ ഭയം വിചാരിക്കേണ്ട കാര്യമില്ലെന്നും ഷംസി കൂട്ടിചേർത്തു.