ഇന്ത്യൻ സ്പിന്നർമാരായ രവിചന്ദ്ര അശ്വിനെയും രവീന്ദ്ര ജഡേജയെയും പുകഴ്ത്തി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. അശ്വിനെപോലെയും ജഡേജയെ പോലെയുമുള്ള താരങ്ങൾ ടീമിൽ ഉണ്ടെങ്കിൽഫാസ്റ്റ് ബൗളർമാർക്ക് ആശ്വാസം ആണെന്ന് മുഹമ്മദ് ഷമി പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ മുഹമ്മദ് ഷമിയുടെയും ജഡേജയുടെയും അശ്വിന്റെയും മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഇന്ത്യ 203 റൺസിന് ജയിച്ചിരുന്നു.
സൗത്ത് ആഫ്രിക്കക്കെതിരായ രണ്ടാം ഇന്നിങ്സിൽ മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. കൂടാതെ രവീന്ദ്ര ജഡേജ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിങ്സിൽ അശ്വിന് ഒരു വിക്കറ്റ് മാത്രമാണ് ലഭിച്ചതെങ്കിലും ആദ്യ ഇന്നിങ്സിൽ 7 വിക്കറ്റുകൾ അശ്വിൻ വീഴ്ത്തിയിരുന്നു.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നൽകുന്ന സ്വാതന്ത്ര്യത്തെയും മുഹമ്മദ് ഷമി പുകഴ്ത്തി. തങ്ങളുടെ തന്ത്രങ്ങൾ ഉപയോഗിക്കാൻ കോഹ്ലി എപ്പോഴും അവസരം നൽകാറുണ്ടെന്നും കൂടുതൽ ഓവറുകൾ ആവശ്യമെങ്കിൽ എറിയാനുള്ള സ്വാതന്ത്രം കോഹ്ലി നൽകാറുണ്ടെന്നും ഷമി പറഞ്ഞു.