ബംഗാളിൻ്റെ രഞ്ജി ട്രോഫിയിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്ന ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് കാൽമുട്ടിനേറ്റ പരിക്ക് വീണ്ടും വിനയായി. പരിശീലനത്തിന് ഇടയിൽ പരിക്കേറ്റ ഭാഗത്ത് വീണ്ടും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരിയിൽ അക്കില്ലസ് ടെൻഡോൺ ശസ്ത്രക്രിയയെത്തുടർന്ന് ഷമി നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) പുനരധിവാസത്തിന് വിധേയനായിരുന്നു.
2023 ഏകദിന ലോകകപ്പിൽ 24 വിക്കറ്റുമായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായ ഷമി, ഫൈനലിന് ശേഷം ഇതുവരെ ക്രിക്കറ്റ് കളിച്ചിട്ടില്ല. നവംബർ 22 മുതൽ ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫി ഷമിക്ക് നഷ്‌ടമാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.