ഷാക്കിബ് ശസ്ത്രക്രിയയ്ക്ക് വിധേയനാകും

Sports Correspondent

വിന്‍ഡീസ് ടി20 പരമ്പരയ്ക്ക് ശേഷം ഷാക്കിബ് അല്‍ ഹസന്‍ തന്റെ കൈ വിരലിനേറ്റ പരിക്കിനു ശുശ്രൂഷയായി ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ച്. സിംബാബ്‍വേ, ശ്രീലങ്ക എന്നീ ടീമുകള്‍ പങ്കെടുത്ത ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റിലാണ് താരത്തിനു പരിക്കേറ്റത്. ഇപ്പോള്‍ വേദന സംഹാരികളുടെ ആശ്രയത്തിലാണ് പരിക്കിന്റെ വേദനയെ അതിജീവിച്ച് വിന്‍ഡീസ് പരമ്പരയില്‍ താരം കളിച്ച് വരുന്നത്.

നാട്ടില്‍ മടങ്ങിയെത്തിയ ഉടനെ സ്ഥിതിഗതികള്‍ വിലയിരുത്തി കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ബംഗ്ലാദേശ് ടീമിന്റെ മെഡിക്കല്‍ സംഘം അറിയിച്ചു. ശ്രീലങ്കയ്ക്കെതിരെ ജനുവരിയില്‍ ഫൈനലിനിടെയാണ് ഷാക്കിബിന്റെ ഇടം കൈയ്യില്‍ പരിക്കേറ്റത്. അതിനെത്തുടര്‍ന്ന് ടെസ്റ്റ് പരമ്പരയില്‍ നിന്നും നിദാഹസ് ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിലും താരം വിട്ട് നിന്നിരുന്നു.

നാട്ടില്‍ തിരിച്ചെത്തിയ ശേഷം ശസ്ത്രക്രിയയുടെ തീയ്യതി തീരുമാനിക്കും എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്. സെപ്റ്റംബറിലെ ഏഷ്യ കപ്പും സിംബാബ്‍വേ, വിന്‍ഡീസ് എന്നിവരുമായുള്ള നാട്ടിലെ പരമ്പരയുമാണ് അടുത്തതായി ബംഗ്ലാദേശിന്റെ അന്താരാഷ്ട്ര ഫിക്സ്ച്ചറുകള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial