ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ഷാകിബ് അൽ ഹസനും തമിം ഇക്ബാലും ഇല്ലാത്തത് ബംഗ്ളദേശിന് കഠിനമാവുമെന്ന് മുൻ ഇന്ത്യൻ സ്പിന്നറും മുൻ ബംഗ്ലാദേശ് ബൗളിംഗ് പരിശീലകനുമായ സുനിൽ ജോഷി. ഐ.സി.സി വിലക്കിയതിന് തുടർന്നാണ് ഷാക്കിബിന് ഇന്ത്യൻ പരമ്പര നഷ്ടമായത്. തന്റെ ഭാര്യ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകുന്നതുമായി ബന്ധപ്പെട്ട് തമിം ഇന്ത്യൻ പരമ്പരയിൽ നിന്ന് വിട്ടുനിന്നിരുന്നു.
“ഇന്ത്യയുടെ ബാറ്റിംഗ് നിര വളരെ മികച്ചതാണ്. അത് കൊണ്ട് ഇന്ത്യയെ പ്രതിസന്ധിയിലാക്കാൻ ബംഗ്ളദേശ് ഒരുപാട് റൺസ് നേടണം. ഷാകിബ് അൽ ഹസനും തമിം ഇക്ബാലും ടീമിൽ ഇല്ലാത്തത് അവർക്ക് കാര്യങ്ങൾ കഠിനമാക്കും. ഇന്ത്യയുടെ ഓൾ റൗണ്ട് അറ്റാക്ക് തടയുക എന്നത് ബംഗ്ളദേശിന് എളുപ്പമാവില്ല. ഇന്ത്യയിൽ പോലും ഇന്ത്യ സ്പിന്നർമാരെ മാത്രം ആശ്രയിച്ചല്ല കളിക്കുന്നത്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പരമ്പരയിൽ അത് എല്ലാവരും കണ്ടതാണ് ” ജോഷി പറഞ്ഞു.
അനുഭവ സമ്പത്ത് കുറഞ്ഞ ബംഗ്ളദേശ് സ്പിന്നർമാർക്ക് ഇന്ത്യൻ ബാറ്റ്സ്മാൻമാർക്കെതിരെ ബോൾ ചെയ്യുക എന്നത് കടുത്ത വെല്ലുവിളിയാവുമെന്നും ജോഷി പറഞ്ഞു. ഇന്ത്യക്കെതിരെ ബംഗ്ളദേശ് ബുദ്ധിപൂർവവും ക്ഷമയോടും കൂടി ബൗൾ ചെയ്യണമെന്നും ജോഷി കൂട്ടിച്ചേർത്തു.