ധോണി വിരമിക്കലിനെ കുറിച്ചുംതാരത്തിന്റെ ഭാവി പരിപാടികളെ കുറിച്ചും ഇന്ത്യൻ സെലക്ടർമാർ ധോണിയോട് സംസാരിക്കണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയെന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും അതെ സമയം സെലക്ടർമാർ ധോണിയുടെ ഭാവി പരിപാടികളെ പറ്റി ചോദിക്കണമെന്നും ഗംഭീർപറഞ്ഞു.
ഇന്ത്യക്ക് കളിക്കുമ്പോൾ തനിക്ക് കളിക്കേണ്ട സീരീസ് തിരഞ്ഞെടുക്കാൻ ഒരാൾക്കും അവകാശം ഇല്ലെന്നും ഗംഭീർ പറഞ്ഞു. ലോകകപ്പിന് ശേഷം മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ഇതുവരെ ഇന്ത്യൻ ടീമിന് വേണ്ടി കളിച്ചിട്ടില്ല. ലോകകപ്പിന് ശേഷം വെസ്റ്റിൻഡീസ് പരമ്പരയിൽ നിന്ന് സൈനിക ആവശ്യങ്ങൾക്കായി ധോണി വിട്ട് നിന്നിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിൽ നിന്നും ധോണി വിട്ട് നിൽക്കുന്നുണ്ട്.
ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെതിരെയുള്ള വിമർശനങ്ങളെയും ഗംഭീർ തള്ളി കളഞ്ഞു. പന്ത് വളരെ അനുഭവ സമ്പത്ത് കുറഞ്ഞ താരമാണെന്നും അതുകൊണ്ട് താരത്തെ വേറെ ഒരാളുമായി താരതമ്യം ചെയ്യരുതെന്നും ഗംഭീർ പറഞ്ഞു. രവി ശാസ്ത്രിയും വിരാട് കോഹ്‌ലിയുമടക്കുമുള്ള താരങ്ങൾ റിഷഭ് പന്തിനോട് സംസാരിക്കണമെന്നും പന്തിന് കുറച്ചുകൂടെ സ്വാതന്ത്രം അനുവദിക്കണമെന്നും ഗംഭീർ പറഞ്ഞു.