ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച പ്രതിഭകളില്‍ ഒരാളെന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും അത്തരത്തിലൊരു പ്രകടനം ഇതുവരെ താരത്തിനു പുറത്തെടുക്കുവാന്‍ സാധിച്ചിട്ടില്ല. താന്‍ തന്റെ കേളി ശൈലിയില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നാണ് സൗമ്യ സര്‍ക്കാര്‍ സ്വയം വിലയിരുത്തുന്നത്. ഇംഗ്ലണ്ടില്‍ ഷോര്‍ട്ട് ബോളുകള്‍ പല ടീമുകളും ആയുധമാക്കുമ്പോള്‍ ഏറ്റവും മികച്ച രീതിയില്‍ ഇത് കൈകാര്യം ചെയ്യാനാകുന്ന ഒരു താരമാണ് സൗമ്യ സര്‍ക്കാര്‍ എന്നത് താരത്തിന്റെ പ്രാധാന്യം വരച്ച് കാണിക്കുന്നു.
അടുത്തിടെ മാത്രമാണ് താരം ഏകദിന ടീമിലേക്ക് തിരികെ എത്തിയത്. തനിയ്ക്ക് ലഭിയ്ക്കുന്ന തുടക്കം മുതലാക്കാനാകാതെ പോകുന്നതാണ് സൗമ്യ സര്‍ക്കാരിന്റെ പ്രധാന പ്രശ്നം. 20കളിലും 30കളിലും താരം പുറത്താകുന്നത് സ്ഥിരം പതിവാണ്. 2015 ലോകകപ്പിലും സമാനമായ അവസ്ഥയായിരുന്നു സൗമ്യ സര്‍ക്കാരിനു. എന്നാല്‍ അന്ന് താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതുമുഖമായിരുന്നുവെന്നും ഇപ്പോള്‍ അതല്ല സ്ഥിതിയെന്നുമാണ് താരം പറയുന്നത്.
മത്സരങ്ങള്‍ക്ക് മുമ്പ് വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തി മുമ്പത്തെ പല പരാജയങ്ങളും തനിക്ക് പുതിയ അറിവുകളായി മാറിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി. മുമ്പ് താന്‍ സ്വാതന്ത്ര്യത്തോടെ ബാറ്റ് വീശിയിരുന്നു എന്നാല്‍ ഇപ്പോള്‍ മുതിര്‍ന്ന താരമെന്ന നിലയില്‍ അതേ ശൈലിയില്‍ ബാറ്റിംഗ് ആവില്ല. മത്സര സാഹചര്യം കൂടി കണക്കിലെടുത്താവും തന്റെ ശൈലി ഇനി വിഭാവനം ചെയ്യുന്നതെന്നും താരം കൂട്ടിചേര്‍ത്തു.