ആറ് വിക്കറ്റ് വീഴ്ത്തിയെങ്കിലും വിജയം നേടുവാനാകാതെ കേരളം

സൗരാഷ്ട്രയ്ക്കെതിരെ വിനൂ മങ്കഡ് ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്ത് കേരളത്തിന് 167/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളുവെങ്കിലും ബൗളര്‍മാര്‍ കഴിയുന്നത്ര പൊരുതി നോക്കി സൗരാഷ്ട്രയുടെ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും ഒടുവില്‍ 4 വിക്കറ്റ് ജയം സ്വന്തമാക്കി സൗരാഷ്ട്ര. ചെറിയ ലക്ഷ്യം 33 ഓവറിലാണ് സൗരാഷ്ട്ര മറികടന്നത്. 37 റണ്‍സ് നേടിയ ഓപ്പണര്‍ പ്രശാം തപന്‍ രാജ്ദേവും 56 റണ്‍സ് നേടിയ ഭാഗ്യരാജ്സിംഗ് ചുഡാസാമയും ചേര്‍ന്നാണ് സൗരാഷ്ട്രയുടെ വിജയം ഉറപ്പാക്കിയത്. ഹെത്വിക് സിറ്റാന്‍ഷുവും(20) സിദ്ധാന്ത് ജയ്ദേവ്സിംഗ് റാണയും(17) നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

കേരളത്തിനായി കിരണ്‍ സാഗര്‍ മൂന്നും ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ രണ്ടും വിക്കറ്റ് നേടി.