“സർഫറാസ് ഖാനെ ഇന്ത്യൻ ടീമിലേക്ക് എടുക്കണം”

ഇറാനി ട്രോഫിയിലും തിളങ്ങിയതോടെ സർഫറാസ് ഖാനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കണം എന്ന ആവശ്യം ഉയരുകയാണ്. സർഫറാസിനെ ഇന്ത്യ അടുത്ത ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കണം എന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ റോബിൻ ഉത്തപ്പ പറഞ്ഞു. ഇറാനി ട്രോഫിയിലെ സർഫറാസിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു ഉത്തപ്പ. ഇന്ന് റെസ്റ്റ് ഓഫ് ഇന്ത്യക്ക് വേണ്ടി 178 പന്തിൽ നിന്ന് 138 റൺസ് സർഫറാസ് അടിച്ചിരുന്നു.

സർഫറാസ് 121523

കഴിഞ്ഞ ദുലീപ് ട്രോഫിയിലും അവസാന രണ്ട് രഞ്ജി ട്രോഫിയിലും വലിയ പ്രകടനങ്ങൾ നടത്താൻ സർഫറാസിനായിരുന്നു‌. 2019-20 രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമായിരുന്നു സർഫറാസ്. അന്ന് 154 ശരാശരിയിൽ 978 റൺസ് താരം നേടിയിരുന്നു. കഴിഞ്ഞ രഞ്ജിയിലും ഈ ഫോം താരം തുടർന്നു. 122 ശരാശരിയിൽ 982 റൺസ് സർഫറാസ് കഴിഞ്ഞ രഞ്ജിയിൽ നേടി. താമസിയാതെ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ സർഫറാസ് എത്തും എന്ന് തന്നെയാണ് ഉത്തപ്പയെ പോലെ ക്രിക്കറ്റ് പ്രേമികളും പ്രതീക്ഷിക്കുന്നത്.