ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗ് 2026-ന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ടീം വിടാൻ തീരുമാനിച്ചതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്ന് റിപ്പോർട്ട്. സഞ്ജുവിൻ്റെ അടുത്ത സുഹൃത്തും ടീമിലെ പ്രധാന താരവുമായിരുന്ന ജോസ് ബട്ട്‌ലറെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ് ഈ തീരുമാനത്തിലേക്ക് നയിച്ച പ്രധാന കാരണമെന്നാണ് സൂചന.

ടീമിൻ്റെ നായകനായിരുന്നിട്ടും ഈ കാര്യത്തിൽ സഞ്ജുവുമായി കൂടിയാലോചന നടത്താൻ ടീം മാനേജ്മെന്റ് തയ്യാറായില്ല. ഇത് സഞ്ജുവിനെ ഏറെ വേദനിപ്പിച്ചു. കളിക്കളത്തിലും പുറത്തും സഞ്ജുവിന് വലിയ പിന്തുണ നൽകിയിരുന്ന താരമായിരുന്നു ജോസ് ബട്ട്‌ലർ. അദ്ദേഹത്തെ ടീമിൻ്റെ തീരുമാനമെടുക്കുന്ന ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കിയത് തന്നെ ടീം കാര്യങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നതിന് തുല്യമായി സഞ്ജുവിന് തോന്നി.
കൂടാതെ, ടീമിലെ മാറിക്കൊണ്ടിരുന്ന സാഹചര്യങ്ങളും സഞ്ജുവിൻ്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.
യുവതാരങ്ങളായ വൈഭവ് സൂര്യവംശിയുടെയും റിയാൻ പരാഗിന്റെയും വളർച്ചയും അവർക്ക് കൂടുതൽ നേതൃപരമായ ചുമതലകൾ നൽകിയതും തൻ്റെ സ്വാധീനം കുറയ്ക്കുന്നതായി സഞ്ജുവിന് തോന്നി. സഞ്ജു ടീമിലുണ്ടായിരുന്നപ്പോഴും ചില നേതൃപരമായ ഉത്തരവാദിത്തങ്ങൾ പരാഗിന് നൽകിയത് ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. പ്രധാന താരങ്ങളുടെ കാര്യത്തിൽ മാനേജ്മെൻ്റ് ആശയവിനിമയം നടത്താതിരുന്നതും ടീം വിടാനുള്ള സഞ്ജുവിൻ്റെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളാണ് എന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു.